തിരുവനന്തപുരം : കുടിവെള്ളം കിട്ടിയില്ലെന്ന് ആരോപിച്ച് സെക്രട്ടേറിയറ്റ് കാന്റീനിൽ സംഘർഷം. ട്രഷറി വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും തമ്മിലാണ് സംഘര്‍ഷം നടന്നത്. കന്റീനില്‍ ഊണുസമയത്ത് കുടി വെള്ളം കിട്ടിയില്ലെന്ന് പറഞ്ഞു ട്രഷറി ജീവനക്കാർ കന്റീന്‍ മാനേജരെ മര്‍ദിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു തുടക്കമായത്. ട്രഷറി ജീവനക്കാരനും എന്‍ജിഒ യൂണിയന്‍ സെക്രട്ടറിയുമായ അമല്‍ വെള്ളം നിറച്ച ജഗ് തറയിലടിച്ച് ആക്രമിച്ചതായി കാന്റീന്‍ മാനേജര്‍ സുരേഷ് കുമാര്‍ കന്റോൺമെന്റ് പൊലീസില്‍ പരാതി നല്‍കി. കന്റീന്‍ മാനേജര്‍ ആക്രമിച്ചതായി അമല്‍ ട്രഷറി ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
സംഘർഷത്തിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരേയും കയ്യേറ്റത്തിന് ശ്രമിച്ചു. മന്ത്രി എം.ബി. രാജേഷിന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞിറങ്ങിയ മാധ്യമപ്രവര്‍ത്തകരാണ് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ചത്. തുടർന്ന് ചില ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകർക്കുനേരെ തിരിയുകയും ക്യാമറ അടിച്ചുതകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.