ജനീവ : ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കുരങ്ങുപനിയെ (മങ്കിപോക്സ്) ആഗോള ഭീഷണിയായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര പൊതുജനാരോഗ്യ ആശങ്കയുടെ അടിയന്തരാവസ്ഥ എന്നാണ് ഇതിനെ ഡബ്ല്യുഎച്ച്ഒ ഇനം തിരിച്ചിരിക്കുന്നത്. ഡബ്ല്യുഎച്ച്ഒ നൽകുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള മുന്നറിയിപ്പാണിത്.
മറ്റ് രാജ്യങ്ങളിലേക്ക് പകരുന്നത് തടയാനും രോഗത്തിൻ്റെ അന്തർദേശീയ വ്യാപനത്തിന്റെ അപകടസാധ്യത ഏകോപിപ്പിക്കുന്നതിനും പൊതുജനാരോഗ്യ ബോധവൽക്കരണത്തിൽ ആവശ്യമായ അന്താരാഷ്ട്ര പ്രതികരണം ഉണ്ടാവാനും വേണ്ടിയാണ് കുരങ്ങു പനിയെ അസാധാരണമായ ഒരു സംഭവമായി നിർണ്ണയിച്ചിരിക്കുന്നത്.
ആഫ്രിക്കൻ സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഭൂഖണ്ഡത്തിലെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കുരങ്ങുപനിയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ അടിയന്തര പ്രഖ്യാപനം. ഈ വർഷം ആഫ്രിക്കയിൽ 14,000-ത്തിലധികം കേസുകളും 524 മരണങ്ങളും ഉണ്ടായതായി ലോകാരോഗ്യ സംഘടന പറഞ്ഞു, കഴിഞ്ഞ വർഷത്തെ കണക്കുകളേക്കാൾ കൂടുതലാണിത്. കുറഞ്ഞത് 13 ആഫ്രിക്കൻ രാജ്യങ്ങളിലെങ്കിലും ഇപ്പോൾ കുരങ്ങുപനി കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ, 96% കേസുകളും മരണങ്ങളും കോംഗോയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്
ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട എന്നീ നാല് കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ അടുത്തിടെ ആദ്യമായി കുരങ്ങുപനി തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതെല്ലം കോംഗോയിലെ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശ്വസോഛോസം , സ്പർശനം ലൈംഗികബന്ധം, ചുംബനം, തുടങ്ങിയ നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗബാധിതനായ ഒരു വ്യക്തിയിൽ നിന്ന് ആരോഗ്യമുള്ള ഒരാളിലേക്ക് കുരങ്ങ് പനി എളുപ്പത്തിൽ പകരാം. ഒന്നിലധികം ലൈംഗിക പങ്കാളികളുള്ള ആളുകൾക്ക് അപകടസാധ്യത കൂടുതലാണ്. വസ്ത്രങ്ങൾ, മുറിവുകൾ, ടാറ്റൂ പാർലറുകൾ പോലുള്ള വസ്തുക്കളിലൂടെയും ആളുകൾക്ക് അണുബാധ പിടിപെടാം.