കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്ക് എയർപോർട്ട് അതോറിറ്റി പുതുക്കി നിശ്ചയിച്ചു. നാളെ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. വിമാനത്താവളത്തിൽ വാഹനം പാർക് ചെയ്യാതെന്ന പുറത്തു കടക്കുന്ന വാഹനങ്ങൾക്ക് 6 മിനിറ്റ് സൗജന്യ സമയം അനുവദിച്ചിരുന്നത് 11 മിനിറ്റാക്കി ഉയർത്തി. ഇത് വാഹനം പാർക്ക് ചെയ്യാതെ പുറത്തുപോകുന്ന യാത്രക്കാർക്ക് ആശ്വാസമാകും.
എന്നാൽ, നിലവിലെ പാർക്കിങ് നിരക്കിൽ വലിയ വർധന വരുത്തിയാണ് ഈ സൗജന്യം ഏർപ്പെടുത്തിയത്. എയർപോർട്ട് അതോറിറ്റിയുടെ അംഗീകാരമില്ലാത്ത ടാക്സി വാഹനങ്ങളുടെ നിരക്കും കുത്തനെ കൂട്ടിയിട്ടുണ്ട്. ഏഴ് സീറ്റ് വരെയുള്ള കാറുകൾക്ക് ആദ്യത്തെ അര മണിക്കൂർ പാർക്കിങ്ങിനു 20 രൂപ ഈടാക്കിയിരുന്നത് ഇപ്പോൾ 50 രൂപയാക്കിയാണ് വർദ്ധിപ്പിച്ചത്. ഏഴ് സീറ്റിന് മുകളിലുള്ള എസ്‌യുവി കാറുകൾക്കും മിനി ബസ്സുകൾക്കും 80 രൂപയാണ് പുതുക്കിയ ചാർജ് നേരത്തെ 20 രൂപയിൽ ഇവയും ഉൾപ്പെട്ടിരുന്നു. അര മണിക്കൂർ കഴിഞ്ഞാൽ ഇത് യഥാക്രമം 65 രൂപയും 130 രൂപയുമായാണ് വർദ്ധിക്കുന്നത്.
എയർപോർട്ട് അതോറിറ്റിയുടെ അംഗീകാരമില്ലാത്ത വാഹനങ്ങൾക്ക് അര മണിക്കൂറിന് 226 രൂപയാണ് പാർക്കിങ് ചാർജ്. അര മണിക്കൂറിനു മുകളിൽ വന്നാൽ 276 രൂപ നൽകേണ്ടിവരും. പാർക്ക് ചെയ്യാതെ അകത്തു കയറി പുറത്തിറങ്ങിയാൽ 283 രൂപ ചാർജ് നല്കണം. ഇരുചക വാഹനങ്ങൾക്ക് 10 രൂപയും അര മണിക്കൂർ കഴിഞ്ഞാൽ 15 രൂപയും. പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കു പുറത്തു കടക്കാൻ സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്.
അന്തർദേശീയ ടെർമിനലിനു സമീപത്തും ടെർമിനലിനു മുൻവശത്തെ താഴ്ന്ന ഭാഗത്തുമുളള പാർക്കിങ് സ്ഥലങ്ങളിൽനിന്നും പുറത്തു കടക്കാനുള്ള സമയപരിധി 9 മിനിറ്റും ഡൊമെസ്റ്റിക് ടെർമിനലിനു സമീപത്തെ പാർക്കിങ് സ്‌ഥലത്തെ കവാടത്തിൽനിന്ന് പുറത്തുകടക്കാനുള്ള സമയം 7 മിനിറ്റുമാക്കി പുതുക്കിയിട്ടുണ്ട്.
ഇതുവരെ ഇങ്ങിനെയുള്ള സമയ പരിധി നിശ്ചയിച്ചിരുന്നില്ല. ഗതാഗതക്കുരുക്ക് കുറക്കുന്നതിന്റെ മറവിൽ വലിയ രീതിയിലുള്ള വർദ്ധനവാണ് പാർക്കിങ് ചാർജ് ഇനത്തിൽ അതോറിറ്റി വരുത്തിയത്.