കൊച്ചി: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ നടി ശ്രീലേഖ മിത്ര പോലീസിൽ പരാതി നൽകി. കൊച്ചി കടവന്ത്രയിലെ രഞ്ജിത്തിന്റെ വസതിയിൽ വെച്ച് ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നായിരുന്നു പരാതി. 2009 ൽ സിനിമയുടെ ചർച്ചക്ക് എന്ന പേരിലാണ് രഞ്ജിത്ത് ഫ്ലാറ്റിലേക്ക് വിളിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് നടി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
‘പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിൽ അഭിനയിക്കാനെന്ന പേരിലാണ് നടിയെ കൊച്ചിയിലേക്ക് ക്ഷണിച്ചു വരുത്തിയത്. തുടർന്ന് ചർച്ചക്ക് വേണ്ടി കൊച്ചി കലൂർ കടവന്ത്രയിലെ രഞ്ജിത്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി. ചർച്ചക്കിടെ, കൈയിൽ മുറുകെ പിടിക്കുകയും പിന്നീട് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും അവിടെനിന്നും രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയെന്നും നടി ശ്രീലേഖ പരാതിയിൽ പറയുന്നു.