പാറ്റ്ന: കാമുകനോടൊപ്പം ജീവിക്കുവാൻ മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തിയ യുവതിയെ ബിഹാർ പോലീസ് അറസ്റ്റ് ചെയ്തു. കാജൽ കുമാരി എന്ന യുവതിയാണ് അറസ്റ്റിലായത്. ബീഹാറിലെ മുസഫർ പൂറിലാണ് സംഭവം നടന്നത്. യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നെന്നും അയാളോടൊപ്പം ജീവിക്കാൻ വേണ്ടിയാണ് കടുംകൈ ചെയ്തതെന്നും പോലീസ് പറഞ്ഞു. ഭർത്താവിനെ ഉപേക്ഷിക്കാൻ നേരത്തെ തന്നെ യുവതി തെയ്യാറെടുത്തിരുന്നുവെന്നും പോലീസ് സൂപ്രണ്ട് അവദേശ് സരോജ് ദീക്ഷിത് പറഞ്ഞു.
ഒന്നിച്ച് ജീവിക്കണമെങ്കിൽ മകളെ ഒഴിവാക്കണമെന്ന് ഇയാൾ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കാജൽ കുമാരി മകളെ കൊലപ്പെടുത്തിയത്. ആഗസ്ത് 23 നാണ് പ്രതികൾ കൊലപാതകം നടത്തിയത്. കുട്ടിയുടെ കഴുത്തറക്കുകയും മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്കേസിൽ പൊതിഞ്ഞ് ഉപേക്ഷിക്കുകയുമായിരുന്നു.
“ക്രൈം പട്രോൾ” എന്ന ടെലിവിഷൻ സീരിയലാണ് ഇത്തരത്തിൽ കൊലപാതകം നടത്താൻ യുവതിക്ക് പ്രചോദനമായതെന്ന് പോലീസ് കണ്ടെത്തി. പോലീസിന്റെ
ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധ മൊഴികളാണ് കാജൽ കുമാരി നൽകിയത്. ശേഷം ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.