മലപ്പുറം: ജില്ലാ എസ് പി ശശിധരന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധ സമരവുമായി നിലമ്പൂർ എംഎൽഎ പി.വി.അന്‍വര്‍. പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിയില്‍നിന്നും മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം
മരം മുറിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാനാണ് ഇന്നലെ ഞാൻ എസ് പി യുടെ ഔദ്യോഗിക വസതിയിലെത്തിയതെങ്കിലും പ്രവേശനം അനുവദിച്ചില്ലെന്നും ജില്ലയിലെ ലൈഫ് പദ്ധതി അട്ടിമറിക്കാനാണ് എസ് പി ശ്രമിക്കുന്നതെന്നും എംഎൽഎ ആരോപിച്ചു.
കഴിഞ്ഞ ദിവസം പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിലെത്തിയ എംഎൽഎയെ പോലീസ് തടഞ്ഞിരുന്നു. പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തിയത് അന്വേഷിക്കാനെന്ന പേരിലാണ് എംഎൽഎ വസതിയിലെത്തിയത്. ഔദ്യോഗിക വസതി ക്യാമ്പ് ഓഫീസാണെന്നും അകത്തേക്ക് പ്രവേശനം നൽകണമെന്നും അൻവർ പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും അനുവാദമില്ലാതെ പ്രവേശനം നൽകനാവില്ലെന്ന് പാ റാവുകാരൻ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് അൻവർ മടങ്ങുകയായിരുന്നു.
എംഎല്‍എയുടെ വാദം ശരിയല്ലെന്നും ചില മരങ്ങളുടെ ശിഖരങ്ങള്‍ മാത്രമാണ് മുറിച്ചതെന്നും ഈ സമയത്ത് മലപ്പുറം എസ് പി ശശിധരൻ ആയിരുന്നില്ലെന്നും വ്യക്തമാക്കുന്ന രേഖകൾ പോലീസ് പിന്നീട് പുറത്തുവിട്ടിരുന്നു. ഓഫീസ് കെട്ടിടത്തിനും വീടുകൾക്കും ഭീഷണിയാകുന്ന മരക്കൊമ്പുകളാണ് വെട്ടിമാറ്റിയത്. 2022 ൽ ഇതിനുള്ള അനുമതി സോഷ്യല്‍ ഫോറസ്ട്രി നൽകിയിട്ടുണ്ടെന്നും രേഖകൾ പറയുന്നുണ്ട്.
എം എൽ എ യും എസ് പിയും തമ്മിലുള്ള അസ്വാരസ്യം നേരത്തേ പ്രകടമായിരുന്നു. ഒരു പൊതുവേദിയിൽ പി.വി.അൻവർ എംഎൽഎ എസ് പി. എസ്.ശശിധരനെ മോശമാക്കി പ്രസംഗിച്ചത് വിവാദമായിരുന്നു. വിഷയത്തിൽ എംഎല്‍എ മാപ്പ് പറയണമെന്ന് അസോസിയേഷൻ പ്രമേയം പാസാക്കിയതിനെ തുടർന്ന് ജില്ലയുടെയും നിലമ്പൂരിന്റെയും പ്രാദേശിക മാപ്പുകൾ അൻവർ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിരുന്നു.