ന്യൂദല്‍ഹി: യുവ നടിയുടെ ലൈംഗികാരോപണ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നേരിടുന്ന നടൻ മുകേഷ് എം എൽ എ സ്ഥാനം രാജി വെക്കാത്തത്തിൽ അമർഷം രേഖപ്പെടുത്തി ബൃന്ദ കാരാട്ട്. നേരത്തെ പീഡനാരോപണം നേരിട്ട കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിവച്ചിരുന്നില്ല അത് കൊണ്ട് മുകേഷ് രാജി വെക്കേണ്ട സാഹചര്യമില്ലെന്ന ജയരാജന്റെ പ്രസ്താവന ശരിയല്ലെന്നും ബൃന്ദ പറയുന്നു. പാര്‍ട്ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അനന്തരഫലത്തെ കുറിച്ച് ചില ചിന്തകള്‍’ എന്ന ലേഖനത്തിലാണ് ബൃന്ദ നിലപാട് വ്യക്തമാക്കിയത്.
എല്‍ദോസ് കുന്നപ്പിള്ളി, എം വിന്‍സന്റ് എന്നി കോണ്‍ഗ്രസ് എം എല്‍ എ മാർക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും ഇരുവരും രാജിവെച്ചിരുന്നില്ല.
നിങ്ങള്‍ അത് ചെയ്യാത്തതുകൊണ്ട് ഞങ്ങളും ചെയ്യില്ല എന്ന നിലപാട് ശരിയല്ലെന്നും ബൃന്ദ കാരാട്ട് ലേഖനത്തില്‍ വ്യക്തമാക്കുന്നു. ലൈംഗിക പീഡനാരോപണം നേരിട്ട കോണ്‍ഗ്രസ് എം എല്‍ എമാരെ ചിലർ സംരക്ഷിച്ചുവെന്നും കമ്യൂണിസ്റ്റ് വിരുദ്ധരായ ഒരു വിഭാഗം മാധ്യമങ്ങള്‍ അന്ന് അവരെ പിന്തുണച്ചുവെന്നും ബൃന്ദ വിമര്‍ശിച്ചു.