കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടനും എം എൽ എയുമായ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.
ആലുവ സ്വദേശിയായ യുവതിയുടെ ലൈംഗിക പീഡന പരാതിയിലാണ് നടന്മാർക്കെതിരെ പോലീസ് കേസെടുത്തത്. മുകേഷ് അടക്കമുള്ള എല്ലാ പ്രതികളെയും ചോദ്യം ചെയ്യാൻ പോലീസ് തെയ്യാറെടുക്കുന്നതിനിടെയാണ് നടന്മാർ കോടതിയെ സമീപിക്കുന്നതും കോടതി ജാമ്യം അനുവദിക്കുന്നതും. രണ്ട് ദിവസമായി അടച്ചിട്ട കോടതി മുറിയിൽ നടന്ന വിശദമായ വാദത്തിന് ശേഷമാണ് നടന്മാർക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് ഹണി എം വർഗീസ് മുൻകൂർ ജാമ്യം അനുവദിച്ചത്.