31.5 C
Saudi Arabia
Thursday, August 21, 2025
spot_img

തൃശൂര്‍ നഗരത്തില്‍ ഇന്ന് ‘പുലി’കളിറങ്ങും

തൃശൂര്‍: ഓണാഘോഷത്തിന് സമാപനമായി നാലോണ നാളായ ഇന്ന് (ബുധനാഴ്ച0 തൃശൂരില്‍ പുലികളി നടക്കും. സ്വദേശികളും വിദേശികളുമായി പതിനായിരങ്ങള്‍ പുലികളി കാണാന്‍ സ്വരാജ് റൗണ്ടിലെത്തും. തൃശൂര്‍ പൂരം കഴിഞ്ഞാല്‍ ഇത്രയധികം ആളുകള്‍ പങ്കെടുക്കുന്ന ആഘോഷം തൃശൂരില്‍ മറ്റൊന്നില്ല. വിവിധ ദേശങ്ങളില്‍ നിന്ന് പുറപ്പെടുന്ന പുലികള്‍ക്കൊപ്പം ജനാരവവും സഞ്ചരിക്കും. ഏഴ് ദേശങ്ങളില്‍ നിന്നുള്ള പുലികളി സംഘങ്ങളിലെ മുന്നൂറിലേറെ പുലികള്‍ പട്ടണം കൈയടക്കും.
വൈകിട്ട് അഞ്ചിന് സ്വരാജ് റൗണ്ടില്‍ നായ്ക്കനാല്‍ ജംഗ്ഷനില്‍ പാട്ടുരായ്ക്കല്‍ ദേശം സംഘത്തിന്റെ വരവോടെ പുലികളിക്ക് തുടക്കമാകും. യുവജന സംഘം വിയ്യൂര്‍, വിയ്യൂര്‍ ദേശം പുലികളി സംഘം, സീതാറാം മില്‍ ദേശം, ശങ്കരംകുളങ്ങര ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം എന്നീ സംഘങ്ങള്‍ പിന്നാലെയെത്തും. ഒരു പുലികളി സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളാണ് ഉണ്ടാവുക. ഒരു നിശ്ചല ദൃശ്യവും ഒരു പുലിവണ്ടിയും ഉണ്ടാകും. പുലികളി രാത്രി പത്തുവരെ നീളും. പുലികളുടെ വരവറിയിച്ച് ഇന്നലെ (ചൊവ്വാഴ്ച) പുലിക്കൊട്ടും പുലിവാല്‍ എഴുന്നള്ളിപ്പും നടന്നു. പങ്കെടുക്കുന്ന ഓരോ സംഘത്തിനും കോര്‍പറേഷന്‍ 3,12,500 രൂപ വീതം സഹായം നല്‍കും. തൃശൂര്‍ കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന പുലികളി നടത്തിപ്പിനായി സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോവിന്റെ മേല്‍നോട്ടത്തില്‍ നാല് എ സി പിമാരുടെ നേതൃത്വത്തില്‍ അഞ്ച് മേഖലകളായി തിരിച്ച് 523 പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി സൗജന്യ കുടിവെള്ള വിതരണവും മെഡിക്കല്‍ സഹായവും ആംബുലന്‍സും സജ്ജീകരിച്ചിട്ടുണ്ട്. വയനാട് ദുരന്ത പാശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഓണാഘോഷം ഒഴിവാക്കിയെങ്കിലും തൃശൂര്‍ കോര്‍പറേഷന്റെ അഭ്യര്‍ഥനപ്രകാരം പ്രത്യേക അനുമതി നല്‍കുകയായിരുന്നു. കോര്‍പറേഷന്റെ തനത് ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കാനുള്ള അനുമതിയും നല്‍കി.

Related Articles

- Advertisement -spot_img

Latest Articles