തിരുവനന്തപുരം: മന്ത്രി സ്ഥാനത്തെ ചൊല്ലി എൻ സി പി യിൽ നടക്കുന്ന വടംവലിയിൽ മന്ത്രി ശശീന്ദ്രൻ പുറത്തേക്ക്. തോമസ് കെ തോമസ് മന്ത്രിയാവും. ഒരാഴ്ചക്കകം ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്ന് അറിയുന്നു.
ശശീന്ദ്രനും തോമസ് കെ തോമസും തമ്മിൽ തർക്കം മുറുകിയ സാഹചര്യത്തിലാണ് ശരത് പവാർ കഴിഞ്ഞ ദിവസം ഇരുവരെയും കൂടികാഴ്ചക്ക് വിളിപ്പിച്ചത്. തോമസ് കെ തോമസിന് അനുകൂലമായ നിലപാടാണ് പവാറിൽ നിന്നുണ്ടായത്. ഇതോടെ ശശീന്ദ്രൻ മന്ത്രി സഭയിൽ നിന്നും പുറത്തു പോവാൻ നിർബന്ധിതനാവുകയായിരുന്നു.
ആര് മന്ത്രിയാവണമെന്ന കാര്യത്തിൽ ശരത് പവാറിന്റെ തീരുമാനം അന്തിമമാണെന്ന് എൻ സി പി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ പറഞ്ഞു. ഒരാഴ്ചക്കകം തീരുമാനം ഉണ്ടാവുമെന്നും ചാക്കോ അറിയിച്ചു.
മന്ത്രി സ്ഥാനം ഉറപ്പിക്കുന്നതിന് മുഖ്യമന്ത്രിയുമായും ശശീന്ദ്രൻ കൂടികാഴ്ച നടത്തിയിരുന്നെങ്കിലും എൻ സി പിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്.
മന്ത്രിസ്ഥാനത്ത് നിന്നും മാറ്റിയാൽ എം എൽ എ സ്ഥാനവും രാജിവെക്കുമെന്ന് ശശീന്ദ്രൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. പവാറുമായി നടത്തിയ കൂടികാഴ്ചക്ക് ശേഷം നിലപാടിൽ മാറ്റം വരുതിയിട്ടുണ്ട്.