ന്യൂഡൽഹി: ലെബനാനിൽ നടന്ന പജേർ സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്ന മലയാളിയായ റിൻസൻ ജോസിനെതിരെ സേർച്ച് വാറണ്ട് പുറപ്പെടുവിച്ചു നോർവേ പോലീസ്. ഇന്റർനാഷണൽ തലത്തിലാണ് വാറണ്ട് പുറപ്പെടുവിച്ചത്. യെല്ലോ അലേർട്ട് പുറപ്പെടുവിച്ചതായും അന്വേഷണം ആരംഭിച്ചതായും അന്വേഷണ വിഭാഗം സ്ഥിരീകരിച്ചു.
റിൻസനെ കാണാനില്ലെന്ന സ്ഥാപനത്തിന്റെ പരാതിയെ തുടർന്നാണ് സേർച്ച് വാറണ്ട് പുറപ്പെടുവിച്ചത്. 17 ന് ലെബനാനിൽ പേജർ സ്ഫോടനം നടന്ന രാത്രിയിലാണ് മാനന്തവാടി സ്വദേശിയും നോർവേ പൗരനായ റിൻസൺ ജോസ് അമേരിക്കയിലേക്ക് പോയത്. മുൻകൂട്ടി നിശ്ചയിച്ച യാത്രയെന്ന് ചൂണ്ടിക്കാട്ടിയാണ് റിൻസൺ അമേരിക്കയിലെ ബോസ്റ്റണിലേക്ക് പോയത്. ശേഷം റിൻസൺ അപ്രത്യക്ഷമാവുകയായിരുന്നു എന്നാണ് സ്ഥാപനം നൽകിയ പരാതി.
സ്‌ഫോടക വസ്തുക്കൾ നിറച്ച പേജർ ഹിസ്ബുല്ലക്ക് കൈമാറിയത് മാനന്തവാടി സ്വദേശി റിൻസന്റെ ഉടമസ്ഥതയിലുള്ള ബൾഗേറിയൻ കമ്പനിയായ നോർട്ട ഗ്ലോബൽ ആണെന്ന വിവരം പുറത്തു വന്നിരുന്നു. എന്നാൽ കമ്പനി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്ന് ദേശീയ സുരക്ഷക്കുള്ള ബൾഗേറിയൻ സ്റ്റേറ്റ് ഏജൻസി വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ നോർവേ വിഷയങ്ങൾ ഗൗരവമായി തന്നെ കാണുന്നുണ്ടെന്നാണ് മനസിലാക്കുന്നു.