കോഴിക്കോട്: 72 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ചേതനയറ്റ അർജുൻ കണ്ണാടിക്കലിലെ വീട്ടിലെത്തി. ഇന്ന് രാവിലെ 10 മണിയോടെയാണ് അർജുൻ വഹിച്ചുള്ള ആംബുലൻസ് വീട്ടിലെത്തിയത്. മന്ത്രിമാരും ജനപ്രതിനിധികളും പൗരപ്രമുഖരും മൃതദേഹത്തെ അനുഗമിച്ചിരുന്നു.
കർണാടക സർക്കാർ ഏർപ്പെടുത്തിയ ആംബുലൻസിൽ ഇന്നലെ വൈകീട്ടായിരുന്നു കർണാടകയിൽ നിന്നും പുറപ്പെട്ടത്. ആംബുലൻസ് സഞ്ചരിച്ച വഴികളിലെല്ലാം ആയിരങ്ങളാണ് നിറ കണ്ണീരോടെ അർജുനെ യാത്രയാക്കിയത്. കേരളം അർജുനിൽ എത്രത്തോളം പ്രതീക്ഷ നൽകിയിരുന്നുവെന്ന് വഴികളിലെ ജനകൂട്ടവും അവരുടെ വികാരപ്രകടനങ്ങളും കൊണ്ട് മനസിലാക്കാം.
പുലർച്ചെ ആറു മണിക്കാണ് കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂരിൽ മൃതദേഹം എത്തുന്നത്. മന്ത്രി എ കെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കലക്‌ടർ അടക്കമുള്ളവരും സംസ്ഥാനത്തിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി. ഇവിടെ നിന്നുമാണ് വിലാപ യാത്രയായി മൃതദേഹം കണ്ണാടിക്കളിലെ അമരാവതിയിലേക്ക് വരുന്നത്.
മഞ്ചേശ്വരം എം എൽ എ എം കെ എം അഷ്റഫും കാർവാർ എം എൽ എ സതീഷ് കൃഷ്ണ സൈലും ഷിരൂരിലെ മുങ്ങൽ വിദഗ്ദ്ധൻ മാല്പയും കർണാടകയിൽ നിന്ന് തന്നെ മൃതദേഹത്തെ അനുഗമിച്ചിരുന്നു. കേരള കർണാടക പോലീസും യാത്രയിലുണ്ട്.
കണ്ണാടിക്കലിലെ പ്രേമന്റെയും ഷീലയുടെയും മകനാണ് അർജുൻ. നാട്ടിൽ വിവിധ ജോലികൾ ചെയ്തുവന്നിരുന്ന അർജുൻ സാമൂഹിക രംഗത്തു സജീവമായതു കൊണ്ട് നാട്ടുകാർക്ക് ഏറെ പ്രിയപെട്ടവനുമായിരുന്നു. അർജുൻ അമരാവതിയിൽ ഇനി അന്ത്യ വിശ്രമം കൊല്ലും.