കോഴിക്കോട്: കവികളും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരുടെ സോഷ്യല്‍ മീഡിയ വാളുകളില്‍ നിറഞ്ഞ് ‘മീം കവിയരങ്ങ്’. മര്‍കസിന് കീഴിലുള്ള മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ റിസേര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) സംഘടിപ്പിച്ച മീം കവിയരങ്ങില്‍ സ്ത്രീ സാന്നിധ്യമില്ലെന്ന പ്രശ്‌നം ഉന്നയിച്ചാണ് സാഹിത്യകാരന്‍മാരും സാഹിത്യകാരികളും ഉള്‍പ്പെടെയുള്ള ഒരു വിഭാഗം രംഗത്ത് വന്നത്. എന്നാല്‍, മീം കവിയരങ്ങില്‍ കവിയതയവതരിപ്പിക്കുന്ന 100 കവികളില്‍ 32 പേര്‍ വനിതകളാണെന്ന് കാണിക്കുന്ന പോസ്റ്റര്‍ കൂടി പ്രചരിച്ചതോടെ ആരോപണവുമായി രംഗത്തുവന്നവര്‍ പലരും പോസ്റ്റുകള്‍ പിന്‍വിലിച്ചു.
ഇതിനിടെ, ആരെ വിളിക്കണമെന്നത് സംഘാടകരുടെ തീരുമാനമാണെന്നും ആര് വിളിച്ചാലും പോകുമെന്നും പ്രഖ്യാപിച്ച് എസ് ജോസഫ് ഉള്‍പ്പെടെയുള്ള എഴുത്തുകാരും സോഷ്യല്‍ മീഡിയയിലെത്തി. ഇതിന് പിന്തുണയുമായി പലരും രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി മര്‍കസ് നോളജ് സിറ്റിയിലെ വിറാസില്‍ വെച്ച് നടക്കുന്ന മീം കവിയരങ്ങില്‍ യുവ എഴുത്തുകാരും പ്രമുഖരും ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുക്കാറുള്ളത്. ഇത്തവണ, കെ ഇ എന്‍, കെ ടി സൂപ്പി, വീരാന്‍കുട്ടി, സുകമാരന്‍ ചാലഗദ്ധ, അബ്ദുല്ല പേരാമ്പ്ര തുടങ്ങിയ കവികളാണ് അതിഥികളായി സംബന്ധിക്കുന്നത്. ഇതിന്റെ ഭാഗമായി ‘അലിഫ് മീം അവാര്‍ഡും’ ‘ജൂനിയര്‍ മീം അവാര്‍ഡും’ സമ്മാനിക്കാറുമുണ്ട് ഇത്തവണ പി കെ ഗോപിയാണ് മീം അവാര്‍ഡ് സ്വീകരിച്ചത്.
ഇതിനിടെ, ‘വിറാസ് ബോയ്സ് ക്യാമ്പസിന്റെ കീഴിലാണ് പുരുഷകവികളുടെ മീം നടക്കുന്നത്. വിറാസ് ഗേള്‍സിന്റെ കീഴില്‍ പൂര്‍ണമായും ഇതേ സമയത്തു തന്നെ മീമില്‍ ധാരാളം സ്ത്രീ കവികള്‍ കവിതയവതരിപ്പിക്കുന്നുണ്ടെന്ന’ പ്രതികരണവുമായി വിറാസ് അക്കാഡമിക് ഡയറക്ടര്‍ മുഹിയദ്ദീന്‍ ബുഖാരി രംഗത്തെത്തി. ഒരു മതസ്ഥാപനമെന്ന നിലയില്‍, വിശ്വാസ-ധാര്‍മിക മൂല്യങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയില്‍, അവരുടെ വിശ്വാസമൂല്യങ്ങളോടു ചേര്‍ന്നു നിന്നു കൊണ്ട് ഒരു പ്രോഗ്രാം രണ്ടിടങ്ങളിലായി സംഘടിപ്പിക്കാനുള്ള അവകാശം മീം സംഘാടകര്‍ക്കുണ്ടല്ലോ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.