പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു കോൺഗ്രസ് നേതാവ് പി സരിൻ. ഇപ്പോഴത്തെ സ്ഥാനാർഥിയെ തെരെഞ്ഞെടുത്ത രീതിയെയും സരിൻ ചോദ്യം ചെയ്തു.
സ്ഥാനാർഥി നിർണ്ണയം സംബന്ധിച്ച ചർച്ചകളെല്ലാം പ്രഹസനമായിരുന്നു. നേതൃത്വം കാണിച്ചത് തോന്യാസമാണ്, തെറ്റ് തിരുത്താൻ ഇനിയും സമയമുണ്ട്, നേതൃത്വം അതിന് തയ്യാറാവണം. അല്ലെങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടത്തിൽ മാത്രമല്ല, രാഹുൽ ഗാന്ധി കൂടെയായിരിക്കുമെന്ന് സരിൻ പറഞ്ഞു.
ഒരാൾക്ക് വേണ്ടി പാർട്ടിയെ ബലി കൊടുക്കരുത്. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സ്ഥാനാർഥി നിർണയം ഉണ്ടാവണം. സ്ഥാനാർഥിത്വം പുനഃപരിശോധിച്ചു രാഹുലിനെ തന്നെ സ്ഥാനാർഥിയെന്ന് പാർട്ടി പറഞ്ഞാൽ അംഗീകരിക്കും. ജയിലിൽ കിടക്കുന്നത് മാത്രമല്ല പാർട്ടി പ്രവർത്തനമെന്നും പാർട്ടി തീരുമാനങ്ങളുടെ രീതി മാറ്റി, തിരുത്താൻ തെയ്യാറായില്ലെങ്കിൽ ഹരിയാനയിലെ അനുഭവം കോൺഗ്രസിന് ഉണ്ടാവുമെന്നും സരിൻ വിമർശിച്ചു.
പാലക്കാട്ടെ യാഥാർഥ്യം നേതൃത്വം തിരിച്ചറിയണം. ഇത് സംബന്ധിച്ച് ഖാർഗെക്കും രാഹുൽ ഗാന്ധിക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു