കണ്ണൂർ: എ ഡി എം നവീൻ ബാബു ജീവനോടുക്കിയ കേസിൽ പ്രതി ചേർക്കപ്പെട്ട സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി പി ദിവ്യക്ക് തിരിച്ചടി. ദിവ്യയുടെ മുൻ കൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ജസ്റ്റിസ് കെ ടി നിസാർ അഹമ്മദാണ് കേസിൽ വിധി പ്രസ്താവിച്ചത്.
ഇന്ന് കോടതി നടപടികൾ ആരംഭിച്ചപ്പോൾ ആദ്യം പരിഗണിച്ചത് ഈ കേസായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിപ്പോയതായി ജഡ്ജി വിധി പറയുകയായിരുന്നു. പ്രത്യക അന്വേഷണ സംഘം മേധാവി കണ്ണൂർ എ സി പി ടി കെ രത്‌നകുമാർ മരണപ്പെട്ട നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷക പി എം സജിത എന്നിവരും വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു.
ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി കഴിഞ്ഞ 19 നായിരുന്നു കോടതി പരിഗണിച്ചിരുന്നത്. മൂന്നു മണിക്കൂറിലധികം വാദങ്ങൾ കേട്ട കോടതി വിധി പറയുന്നതിന് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ദിവ്യക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും നവീൻ ബാബുവിന്റെ ഭാര്യക്ക് വേണ്ടി ഹാജരായ അഭിഭാഷകരും ശക്തമായി എതിർത്തിരുന്നു.
ദിവ്യക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അഴിമതിക്കെതിരായ പോരാട്ടമാണ് ദിവ്യ നടത്തിയതെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ദിവ്യക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു.
വിധിയിൽ ആശ്വാസമുണ്ടെന്നും കേസിൽ നിയമ പോരാട്ടം തുടരുമെന്നും നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചു.