കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള വിധി പ്രസ്താവത്തിൽ ദിവ്യക്കെതിരെ കോടതിയുടെ ഗുരുതര നിരീക്ഷണങ്ങൾ.
നവീൻ ബാബുവിനെതിരെയുള്ള പ്രസംഗം ആസൂത്രിതമായിരുന്നെന്നും പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യത്തിന്റെ പരിഗണന അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. നവീൻ ബാബുവിനെ അപമാനിക്കലായിരുന്നു ദിവ്യയുടെ ലക്ഷ്യമെന്നും ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സാധാരണ ജാമ്യത്തിന് പോലും ദിവ്യ അർഹതയില്ലെന്നും മുൻകൂർ ജാമ്യം നൽകാവുന്ന കേസല്ലിതെന്നും കോടതി ചൂണ്ടികാണിച്ചു.
അപക്വമായ നടപടിയാണ് ദിവ്യയുടെ ഭാഗത്തുനിന്നും ഉണ്ടായത്. മുൻ കൂർ ജാമ്യം ലഭിക്കാനാവുന്ന കേസാണിതെന്ന് വ്യക്തത വരുത്താൻ ദിവ്യക്ക് സാധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന ദിവ്യയുടെ വാദം കോടതി തള്ളിയത്.