കണ്ണൂർ: എ ഡി എം നവീൻ ബാബു മരണപ്പെട്ട കേസിൽ മുൻകൂർ ജാമ്യം ലഭിക്കാത്തതിനാൽ പോലീസിൽ കീഴടങ്ങിയ ദിവ്യയെ റിമാന്റ് ചെയ്തു. തളിപ്പറമ്പിലെ മജിസ്‌ട്രേറ്റ് വസതിയിലെത്തിച്ച ദിവ്യയെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. കണ്ണൂർ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ പരിശോധനക്ക് ശേഷമാണ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. പോലീസ് വാഹത്തിനുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നിലും യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മജിസ്‌ട്രേറ്റ് വസതിക്ക് മുന്നിൽ പാർട്ടി അഭിഭാഷകൻ കെ വിശ്വൻ ഉൾപ്പടെയുള്ള പാർട്ടി നേതാക്കൾ എത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രത്നകുമാരി,വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ തുടങ്ങിയവരും പാർട്ടി പ്രവർത്തകരും മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നിലെത്തിയിരുന്നു. ദിവ്യയെ പരസ്യമായി പാർട്ടി തള്ളി പറയുമ്പോഴും ദിവ്യക്ക് വേണ്ട എല്ലാ സഹായങ്ങളും പാർട്ടിയും നേതാക്കളും ചെയ്തു കൊടുക്കുന്നുണ്ട്.
ക്രൈം ബ്രാഞ്ച് ഓഫീസിൽ രണ്ടു മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് ദിവ്യയെ വൈദ്യ പരിശോധന നടത്തി കോടതിയിൽ ഹാജരാക്കിയത്.