കൊച്ചി: ആലുവയിൽ ഭിന്നശേഷിക്കാരനെയും കുടുംബത്തെയും പുറത്താക്കി വീട് ജപ്തി ചെയ്തു. ആലുവ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കാണ് കുടുംബത്തോട് ക്രൂരത ചെയ്തത്. ആലുവ കീഴ്‌മാട് സ്വദേശി വൈരമണിക്കും കുടുംബത്തിനാണ് ഈ ദുരനുഭവം നേരിട്ടത്. വൈരമണിയുടെ മകൻ ഭിന്നശേഷിക്കാരനാണ്. ഇന്ന് ഉച്ചയോടെയാണ് വൈരമണിയുടെ വീട്ടിൽ ജപ്തി നടപടികൾ നടന്നത്.
2017 ൽ അർബൻ ബാങ്കിൽ നിന്നും പത്ത് ലക്ഷത്തോളം രൂപയാണ് വൈരമണി വായ്പയെടുത്തത്. പത്ത് വർഷമായിരുന്നു വായ്പയുടെ കാലാവധി. മൂന്ന് വർഷം കൊണ്ട് ഒൻപത് ലക്ഷം രൂപ തിരിച്ചടച്ചു. കോവിഡ് വന്നതോടെ തിരിച്ചടവ് മുടങ്ങി. അതിനിടയിൽ അനുവാദമില്ലാതെ അക്കൗണ്ടിൽ നിന്നും 34500 രൂപ ബാങ്ക് തിരിച്ചുപിടിച്ചതായും വൈരമണി പറയുന്നു. അത് ചോദ്യം ചെയ്തതിന്റെ പേരിൽ പത്ത് ലക്ഷത്തിന്റെ പുറമെ രണ്ട് ശതമാനം അധിക പലിശ ഈടാക്കുന്ന നടപടിയാണ് ബാങ്ക് സ്വീകരിച്ചത്. അതിനെ ചോദ്യം ചെയ്തതിനാൽ ബാങ്കിന് തന്നോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും വൈരമണി പറയുന്നു.
മുടങ്ങിയ തുക തിരിച്ചടക്കാൻ നിവൃത്തിയില്ലെന്നറിയിച്ചു സർക്കാരിനെ സമീപിച്ചത് പ്രകാരം ലോൺ തള്ളിക്കളയാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. മുപ്പത് ദിവസത്തിനുള്ളിൽ വിഷയത്തിന് തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതിനിടെയാണ് ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ട് പോയതെന്നും വൈരമണി പറഞ്ഞു.