റിയാദ്: പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അലിഫ് ഇന്റർനാഷണൽ സ്കൂൾ സംഘടിപ്പിക്കുന്ന പുസ്തകമേളയും സാഹിത്യ ചർച്ചയും വെള്ളിയാഴ്ച മൂന്നുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ‘പ്രവാസ സാഹിത്യം; പ്രതീക്ഷ’ എന്ന വിഷയത്തിൽ നടക്കുന്ന സാഹിത്യ ചർച്ചക്ക് റിയാദിലെ പ്രമുഖ എഴുത്തുകാരും ചിന്തകരും നേതൃത്വം നൽകും. വിവിധ പ്രസാധകരുടെ വ്യത്യസ്ത ഭാഷകളിലുള്ള പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചുള്ള ബുക്ക് ഫെയറും ഇതിൻ്റെ ഭാഗമായി നടക്കും.
‘പ്രകാശം പരത്തിയ 15 വർഷങ്ങൾ’ എന്ന ശീർഷകത്തിൽ നടക്കുന്ന പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 15 വ്യത്യസ്ത പരിപാടികളിൽ ഒന്നാണ് അലിഫ് ലിറ്റററി ഫെസ്റ്റ്.
മലയാള സാഹിത്യ സംവാദത്തിൽ ജോസഫ് അതിരുങ്കൽ, സബീന എം സാലി, എം ഫൈസൽ, നജീം കൊച്ചുകലുങ്ക് എന്നിവർ സംബന്ധിക്കും.
വൈകീട്ട് ആറുമണിക്ക് നടക്കുന്ന കവിയരങ്ങിൽ റാഷിദ് മഹ്മൂദ്, ഷാഹിദ് ഉൾപ്പെടെ നിരവധി ഉറുദു കവികൾ സംബന്ധിക്കും. ഉറുദു ഭാഷയിലെ കവിതകളെ അടിസ്ഥാനമാക്കിയുള്ള കവിയരങ്ങോടുകൂടി അലിഫ് ലിറ്റററി ഫെസ്റ്റ് സമാപിക്കും.