പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യർ കോൺഗ്രസ്സിൽ ചേർന്നു. കെപിസിസി പാലക്കാട് വിളിച്ച പത്ര സമ്മേളനത്തിലെത്തിയ സന്ദീപ് വാര്യരെ കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു.
സന്ദീപ് വാര്യരെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡൻറ് കെ സുധാകരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സുധാകരനും സന്ദീപ് വാര്യരെ ഷാൾ അണിയിച്ചു സ്വീകരിച്ചു.
ഒരു കാലഘട്ടത്തിൽ ബിജെപിയുടെ മുഖമായിരുന്നു സന്ദീപ് വാര്യരെന്ന് വിഡി സതീശൻ പറഞ്ഞു. അദ്ദേഹം വർഗീയതയുടെ രാഷ്ട്രീയത്തോട് വിട പറഞ്ഞു സ്നേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് കടന്നു വരികയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രണ്ടാഴ്‌ചയോളം നടന്ന ചർച്ചയുടെ അവസാനമാണ് സന്ദീപ് കോൺഗ്രസിലേക്ക് കടന്നു വരുന്നത് എഐസിസിയും പച്ചക്കൊടി കാണിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടാവുന്നത്. ഉപതെരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടത്തിൽ നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചാണ് സന്ദീപ് പാർട്ടി വിടുന്നത്. സീറ്റ് നിഷേധത്തിന് പുറമെ പാർട്ടിയിൽ നേരിടുന്ന അവഗണയാണ് അദ്ദേഹത്തെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്.