കോഴിക്കോട്: വിവാദം സൃഷ്‌ടിച്ച പന്തീരങ്കാവ് പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റു. ഗുരുതര പരിക്കുകളോടെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ കണ്ണിനും മുഖത്തുമാണ് പരിക്ക്.
പന്തീരങ്കാവിലെ വീട്ടിൽ വെച്ചും ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസിൽ വെച്ചും രാഹുൽ തന്നെ മർദിച്ചെന്ന് യുവതി പോലീസിനോട് പറഞ്ഞു. തലക്കും ഇടത്തേ കണ്ണിനും ചുണ്ടിനും മുറിവേറ്റെന്നും യുവതി പറഞ്ഞു.
തിങ്കളാഴ്‌ച മൊഴിയെടുക്കാനെത്തിയ പോലീസിനോട് തനിക്ക് പരാതിയില്ലെന്നാണ് യുവതി പറഞ്ഞത്. അച്ഛനും അമ്മയും വന്നാൽ എറണാകുളത്തെ വീട്ടിലേക്ക് തിരിച്ചു പോകണമെന്നും യുവതി പോലീസിന് എഴുതി നൽകി. പന്തീരങ്കാവ് വീട്ടിൽ നിന്നും തന്റെ സർട്ടിഫിക്കറ്റുകൾ എടുക്കാൻ സഹായിക്കണമെന്നും യുവതി പോലീസിനോട് ആവശ്യപ്പെട്ടു.
അതേസമയം യുവതിയുടെ ഭർത്താവ് രാഹുലിനെ പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്, യുവതിയുടെ വീട്ടുകാരെയും പോലീസ് വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. നേരത്തെ യുവതി നൽകിയ ഗാർഹിക പീഡന പരാതി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് സംബന്ധിച്ച രാഹുൽ ഗോപാലിൻറെ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.