റിയാദ്: അലിഫ് ഇൻ്റർനാഷണൽ സ്കൂൾ റിയാദിൽ സംഘടിപ്പിച്ച സയൻസ് എക്സ്പോ സമാപിച്ചു. വിദ്യാർഥികളിൽ ഗവേഷണാത്മകതയും ശാസ്ത്രാഭിരുചിയും വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ അലിഫ് ഇൻ്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച സയൻസ് എക്സ്പോ ‘എക്സ്പിരിമെന്റൽ ’24’ ജനപങ്കാളിത്തം കൊണ്ടും പ്രോജക്ടുകളിലെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. സൗദി സയൻസ് ഇന്ത്യ ഫോറം ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പി ‘എക്സ്പിരിമെന്റൽ ’24’ ഉദ്ഘാടനം ചെയ്തു. നൂതന പ്രൊജക്ടുകളിലൂടെ ശാസ്ത്ര രംഗത്ത് ഏറെ മുന്നേറ്റം സൃഷ്ടിക്കുന്ന എക്സ്പിരിമെന്റൽ’24 സംഘടിപ്പിച്ച അലിഫ് സ്കൂളിനെ അദ്ദേഹം അഭിനന്ദിച്ചു.
മാലിന്യ മുക്ത ലോകമെന്ന ലക്ഷ്യത്തിന്, മാലിന്യ സംസ്കരണ പദ്ധതികളുൾപ്പടെ നവ ലോക നിർമ്മാണത്തിനുതകുന്ന നൂതനമായ ആശയങ്ങളെ അവതരിപ്പിക്കുന്നതായിരുന്നു എക്സ്പോ. റിയാദിലെ മുറബ്ബയിൽ നിർമ്മിക്കാൻ പോകുന്ന മുറബ്ബാ സ്റ്റേഡിയം, റിയാദ് മെട്രോ, ആസിഡ് മഴ, ജലസേചന പദ്ധതികൾ, നിയോം സിറ്റി ഉൾപ്പെടെ വിവിധ ഗ്രേഡുകളിലെ വിദ്യാർഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന പ്രോജക്ടുകൾ ശ്രദ്ധേയമായിരുന്നു.
വിദ്യാർഥികളുടെ ചിന്തകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ ഇരുനൂറ്റി അമ്പതോളം പ്രോജക്റ്റുകളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. എക്സ്പിരിമെന്റൽ ’24 ന് നേതൃത്വം നൽകിയ സയൻസ് ഡിപ്പാർട്ട്മെൻ്റ് ഹെഡ് മുഹമ്മദ് നിസാമുദ്ദീൻ, സുമയ്യ ശമീർ എന്നിവരെ അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്‌മാൻ അഹ്‌മദ് അഭിനന്ദിച്ചു.
ഡയറക്ടർമാരായ അബ്ദുൽ നാസർ മുഹമ്മദ്, മുഹമ്മദ് അഹ്‌മദ്, ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ പങ്കെടുത്തു.