കൊച്ചി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൻറെ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥർ സത്യവാങ്മൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
നിലവിൽ തൃപ്തികരമായ രീതിയിൽ അന്വേഷണം നടക്കുന്നില്ലെന്നും അനേഷണം സിബിഐയെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.
ഹരജിയിൽ സിബിഐയോടും സർക്കാരിനോടും ഹൈക്കോടതി നിലപാട് തേടി. വാദം പൂർത്തിയാവുന്നതുവരെ കുറ്റപത്രം നൽകരുതെന്നും ഹരജിക്കാരി ആവശ്യപ്പെട്ടു. കുറ്റപത്രത്തിൽ വരുന്നത് കെട്ടിച്ചമണച്ച തെളിവുകളാവും. പ്രതി സിപിഎമ്മിന്റെ സജീവ പ്രവർത്തകയാണ് അവർക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും ഹരജിക്കാരി കോടതിയെ അറിയിച്ചു.
നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയമുണ്ടോ എന്നും ആത്മഹത്യയാണെന്നാണല്ലോ റിപ്പോർട്ടികൾ പറയുന്നതെന്നും കോടതി നിരീക്ഷിച്ചു. വിശദമായ വാദം കേൾക്കലിന് കോടതി കേസ് ഡിസംബർ ഒൻപതിലേക്ക് മാറ്റി.