കണ്ണൂർ: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർക്കെതിരെ കൊലവിളിയുമായി യുവമോർച്ച പ്രകടനം. കണ്ണൂർ അഴീക്കോടാണ് സന്ദീപിനെതിരെ കൊലവിളിയുമായി യുവമോർച്ച പ്രകടനം നടന്നത്. ജയകൃഷണൻ മാസ്റ്റർബലിദാന ദിനത്തോടനുബന്ധിച്ചായിരുന്നു പ്രകടനം.
സന്ദീപ് വാര്യർ പ്രസ്ഥാനത്തെ അപമാനിക്കാൻ ബലിദാനികളെ കൂട്ടുപിടിച്ചെന്നും പ്രസ്ഥാനത്തെ ഒറ്റുകൊടുക്കാൻ ശ്രമിച്ചെന്നും പ്രകടനത്തിൽ വിളിച്ചു. ‘ഒറ്റുകാരാ സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങൾ എടുത്തോളാം’ തുടങ്ങിയ മുദ്രാവാക്യം പ്രകടനത്തിൽ പല തവണ വിളിച്ചു. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.
ഞാൻ എടുത്തത് ശരിയായ തീരുമാനമായിരുന്നു എന്നതിന്റെ തെളിവാണ് ഇതെല്ലാമെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു. യഥാർത്ഥ ഒറ്റുകാർ ബിജെപി ഓഫീസിലാണുള്ളതെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസുമായി നിന്ന് പോരാടുമെന്നുമാണ് അവരോട് പറയാനുള്ളതെന്നും സന്ദേപ് വാര്യർ പറഞ്ഞു.