തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നിർത്തിവെച്ചു. തിരുവവന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.
കേസിലെ ഒന്നാം പ്രതി ശ്രീരാം വെങ്കിട്ടരാമന് കോടതിയുടെ രണ്ടാം നിലയിലേക്ക് പടവുകൾ കയറാൻ പ്രയാസമുണ്ടെന്ന് കാണിച്ചാണ് നടപടി. കേസിലെ വിചാരണ നടപടികൾ നടക്കുന്നത് കോടതിയുടെ രണ്ടാം നിലയിലാണ്. വെങ്കിട്ടരാമന്റെ അഭിഭാഷകൻ രാമൻ പിള്ളയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി തീരുമാനം. താഴെ നിലയിലുള്ള ഏതെങ്കിലും ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് കേസ് മാറ്റണമെന്നാണ് പ്രതി ഭാഗത്തിന്റെ ആവശ്യം.
ബഷീർ കൊല്ലപ്പെട്ട് അഞ്ചുവർഷത്തിന് ശേഷം ഇന്നാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി വിചാരണ പൂർത്തിയാക്കാനായിരുന്നു തീരുമാനം. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് വെങ്കിട്ടരാമന്റെ അഭിഭാഷകൻ കോടതി മാറ്റാൻ അപേക്ഷ സമർപ്പിച്ചത്. ഇതോടെ കേസ് ഇനിയും അനന്തനായി നീളുമെന്ന് ഉറപ്പായി.