ന്യൂഡൽഹി: അംബേദ്‌കർ വിവാദത്തിൽ പാർലമെന്റ് വളപ്പിൽ കോൺഗ്രസ് ബിജെപി എംപിമാരുടെ പ്രതിഷേധം. അംബേദ്‌കർ വിഷയത്തിൽ ഗാന്ധി കുടുംബം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി എംപിമാരുടെ നേതൃത്വത്തിൽ പാർലമെൻറ് കവാടത്തിൽ പ്രതിഷേധിച്ചു. ഗാന്ധി കുടുംബം സ്ഥിരമായി അംബേദ്ക്കറെ അപമാനിക്കുന്നു എന്നാരോപിച്ചാണ് ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ പ്രതിഷേധം ആരംഭിച്ചത്.
ബിജെപി നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നതിനിടെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രതിഷേധവുമായി പാർലമെന്റിലെത്തി. അംബേദ്ക്കറുടെ ചിത്രവുമായെത്തിയ കോൺഗ്രസ് എംപിമാർ ബിജെപി എംപിമാർക്ക് സമീപം കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പാർലമെന്റിലേക്ക് പോകാനെത്തിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരെ ബിജെപി എംപിമാർ കയ്യേറ്റം ചെയ്‌തെന്ന് കോൺഗ്രസ് ആരോപിച്ചു.
പാർലമെന്റിലേക്ക് കടക്കുന്നതിനിടെ പ്രിയങ്കയെയും രാഹുലിനെയും ഖാർഗയെയും ബിജെപി എംപിമാർ തടയുകയും പിടിച്ചു തള്ളുകയുമായിരുന്നു. ഇതോടെ കോൺഗ്രസ് ബിജെപി എംപിമാർ തമ്മിൽ ഉന്തും തള്ളുമായി. പ്രതിഷേധത്തെ തുർന്ന് ഇരു സഭകളും രണ്ടു മണിവരെ നിർത്തിവെച്ചു.