ഗസ്സ: അനിശ്ചിതത്വത്തിനൊടുവിൽ ഗസ്സയിൽ ഇസ്രായേൽ ഹമാസ് വെടി നിർത്തൽ കരാർ നിലവിൽ വന്നു. തീരുമാനിച്ച സമയവും പിന്നിട്ട് മൂന്ന് മണിക്കൂറിന് ശേഷമാണ് കരാർ നിലവിൽ വന്നത്. ഇന്ന് ഉച്ചക്ക് 12 മണിക്കായിരുന്നു (ഇന്ത്യൻ സമയം) കരാർ നിലവിൽ വരേണ്ടിയിരുന്നത്. മോചിപ്പിക്കേണ്ട ബന്ദികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടില്ലെന്ന കാരണത്താലാണ് ഇസ്രായേൽ കരാർ വൈകിപ്പിച്ചത്.
ആദ്യ ഘട്ടത്തിൽ മോചിപ്പിക്കേണ്ട 33 ബന്ദികളുടെ പേര് വിവരങ്ങൾ പുറത്തു വിട്ടില്ലെന്ന കാരണത്താൽ അവസാന മണിക്കൂറുകളിലും ഗസ്സയിൽ ഇസ്രായേൽ കടുത്ത ആക്രമണം അഴിച്ചു വിടുകയായിരുന്നു. കരാർ പാലിക്കുന്നതിൽ ഹമാസ് പരാജയപെട്ടെന്ന് ഇസ്രായേൽ പ്രതിരോധ വക്താവ് ഡാനിയൽ ഹഗാരി ആരോപിച്ചു. കരാർ പാലിക്കുംവരെ ഗസ്സയിൽ ആക്രമണം തുടരുമെന്നും ഹഗാരി പറഞ്ഞിരുന്നു.
മോചിപ്പിക്കുന്ന ബന്ദികളുടെ പേര് ഹമാസ് പുറത്തു വിട്ടതോടെയാണ് ഇസ്രായേൽ ആക്രമണം നിർത്തി കരാറിലേക്ക് വന്നത്. സാങ്കേതിക പ്രശ്ങ്ങൾ കാരണമാണ് ലിസ്റ്റ് പുറത്തുവിടാൻ വൈകിയതെന്ന് ഹമാസ് അറിയിച്ചു. ഇതോടെ 15 മാസം നീണ്ട ഇസ്രയേൽ ആക്രമണത്തിന് അറുതിയാവുമെന്നും ഗസ്സയിൽ സമാധാനം പുലരുമെന്നും പ്രതീക്ഷിക്കാം.