കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജിലെ പിജി ഡോക്ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവിതാന്ത്യം വരെ തടവ്. കൊൽക്കത്ത സിൽദാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി, പ്രതി 50000 രൂപ പിഴയും നൽകണം.
അപൂർവങ്ങളിൽ അപൂർവമായ കേസല്ലിതെന്ന് കോടതി നിരീക്ഷിച്ചു. പെൺ കുട്ടികളെ സംരക്ഷിക്കേണ്ട ചുമതല സ്റ്റേറ്റിനാണ്. സംസ്ഥാന സർക്കാർ 17 ലക്ഷം രൂപ ഡോക്ടറുടെ കുടുംബത്തിന് നൽകണമെന്ന് കോടതി ഉത്തരവിട്ടു. അതേസമയം കുറ്റം ചെയ്‌തിട്ടില്ലെന്നും തന്നെ കേസിൽ പെടുത്തിയതാണെന്നും പ്രതി ഇന്നും കോടതിയിൽ പറഞ്ഞു.
കഴിഞ്ഞ ആഗസ്‌ത് എട്ടിന് രാത്രിയിലാണ് 31 വയസ്സുകാരിയായ പിജി ഡോക്ടറെ പ്രതി കൊലപ്പെടുത്തിയത്.പിറ്റേന്ന് രാവിലെ സെമിനാർ ഹാളിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് ബംഗാളിൽ പിജി ഡോക്ടർമാർ നടത്തിവരുന്ന സമരം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ നവംബറിൽ അടച്ചിട്ട കോടതി മുറിയിൽ തുടങ്ങിയ വിചാരണ നടപടികൾക്ക് 162 ദിവസം പിന്നിട്ട ശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്.