ദമ്മാം: വിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള ശക്തമായ നിയമ നിർമ്മാണങ്ങൾ നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് നവയുഗം സാംസ്കാരികവേദി ദോസ്സരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വിമാന ഇന്ധനത്തിന് ഇത്രയധികം വില കുറഞ്ഞിരിയ്ക്കുന്ന സമയത്തും ചാർജ്ജ് വർദ്ധന തുടരുകയാണ്. ചമ്പൽക്കാട്ടിലെ കൊള്ളക്കാരെ പോലും നാണിപ്പിയ്ക്കുന്ന വിധത്തിലാണ് ഗൾഫ് യാത്രക്കാരെ കൊള്ളയടിക്കുന്നത്. വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിലക്ക് നിർത്താൻ തയ്യാറാകണമെന്നും നവയുഗം ആവശ്യപ്പെട്ടു.
ട്രെയിൻ യാത്രാ നിരക്കുകൾ മുതൽ ബസ്സ്, ആട്ടോറിക്ഷ നിരക്കുകൾ വരെ നിയന്ത്രിയ്ക്കുന്ന സർക്കാരുകൾ, വിമാന ടിക്കറ്റ് നിരക്കുകൾ കൂടി നിയന്ത്രിയ്ക്കാൻ തയ്യാറാകണമെന്ന് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തുഖ്ബ ദോസ്സരി നവയുഗം ഓഫീസ് ഹാളിൽ നടന്ന യൂണിറ്റ് സമ്മേളനം, നവയുഗം തുഖ്ബ മേഖല പ്രസിഡന്റ് പ്രിജി ഉത്ഘാടനം ചെയ്തു. തുഖ്ബ മേഖല സെക്രട്ടറി ദാസൻ രാഘവൻ സംഘടനാ അവലോകനം നടത്തി. യോഗത്തിന് സുറുമി സ്വാഗതവും, നസീം നന്ദിയും പറഞ്ഞു
നവയുഗം ദോസ്സരി യൂണിറ്റ് പുതിയ ഭാരവാഹകളായി സജു സോമൻ (പ്രസിഡന്റ്), എബിൻ ബേബി (സെക്രട്ടറി), ബിനു വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു



