തിരുവനന്തപുരം: ബോഡി ബിൽഡിംഗ് താരങ്ങളെ പോലീസിലെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ചിത്തരേശ് നടേശൻ, ഷിനു ചൊവ്വ എന്നിവരെയാണ് ഇൻസ്പെക്ടർ റാങ്കിൽ പോലീസിൽ നിയമിക്കാൻ സർക്കാർ ശ്രമം നടത്തിയത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് നിയമനം താൽക്കാലികമായി സ്റ്റേ ചെയ്തത്.
ദേശീയ ഗെയിംസിലോ ഒളിമ്പിക്സിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികള്‍ക്ക് ആംഡ് പോലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകാനായിരുന്നു സര്‍ക്കാര്‍ നീക്കം. ചിത്തരേഷ് നടേശൻ അന്താരാഷ്ട്ര ബോഡി ബിൽഡിംഗ് ചാംപ്യൻഷിപ്പ് ജേതാവാണ്.
ഷിനു ചൊവ്വ ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയിരുന്നു. എന്നാൽ പോലീസ് കായിക ക്ഷമത പരീക്ഷയിൽ ഷിനു ചൊവ്വ പരാജയപ്പെടുകയായിരുന്നു. 100 മീറ്റര്‍ ഓട്ടം, ലോംഗ് ജംപ്, ഹൈജംപ്, 1500 മീറ്റര്‍ ഓട്ടം എന്നിവയിലാണ് പരാജയപ്പെട്ടത്.
ചിത്തരേഷ് നടേശൻ പരീക്ഷയിൽ തന്നെ പങ്കെടുത്തിരുന്നില്ല. ഷിനു ചൊവ്വക്ക് കായിക ക്ഷമത പരീക്ഷക്ക് വീണ്ടും അവസരം നൽകാനിരിക്കെയാണ് തീരുമാനം ട്രിബ്യൂണൽ സ്റ്റേ ചെയ്തത്. പോലീസ് നാലാം ബറ്റാലയിനിലെ സബ് ഇൻസ്പെക്ടർ പി.ജെ.ബിജുമോനാണ് നിയമനം ചോദ്യം ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.