30.6 C
Saudi Arabia
Sunday, August 24, 2025
spot_img

വിസ തട്ടിപ്പിനിരയായ മലയാളികൾക്ക് കേളി തുണയായി

റിയാദ്: വിസാ തട്ടിപ്പിനിരയായവർക്ക് കേളി തുണയായി. മികച്ച ശമ്പളവും സൗകര്യങ്ങളും വാഗ്ദാനം നൽകി റിയാദിലെത്തി വഞ്ചിക്കപ്പെട്ട നാലു മലയാളികൾക്കാണ് കേളിയുടെ സഹായം തുണയായത്. എറണാകുളം സ്വദേശി മുഹമ്മദ് ഷാഹുൽ നെല്ലിക്കുഴിയിൽ എന്ന വിസ ഏജന്റിന്റെ ചതിയിൽ പെട്ട് റിയാദിൽ എത്തിയ നാല് മലയാളികൾ കഴിഞ്ഞ ദിവസം സഹായത്തിനായി കേളി കലാ സാംസ്കാരിക വേദിയെ സമീപിച്ചു. എറണാകുളം, അങ്കമാലി സ്വദേശി രാഹുൽ, തൃശൂർ ചാലക്കുടി സ്വദേശി അഭി ഷേക്, പത്തനംതിട്ട സ്വദേശി ചിക്കു, കോട്ടയം മുണ്ടക്കയം സ്വദേശി അഖിൽ എന്നിവരാണ് സഹായം അഭ്യർത്ഥിച്ച് കേളിയെ സമീപിച്ചത്.

1500 റിയാൽ അടിസ്ഥാന ശമ്പളവും ട്രിപ്പ് അലവൻസും എന്ന വാഗ്ദാനം നൽകി 1,30,000 രൂപ കൈപ്പറ്റി മുംബൈ ഏജൻസികളായ ഹെന്ന എന്റർപ്രൈസസ്, പീസ് ഇന്റർനാഷണൽ എന്നിവയിലേക്കെത്തിച്ചത്. ഈ ഏജൻസികൾ 1200 റിയാൽ ശമ്പളവും, താമസ സൗകര്യവും, ഭക്ഷണവും, ട്രിപ്പ് അലവൻസും നൽകുമെന്ന് വാക്കാൽ പറയുകയും കൃത്യമായ എഗ്രിമെന്റ് നൽകാതെ റിയാദിലേക്ക് അയക്കുകയുമായിരുന്നു. റിയാദിലെ എക്സിറ്റ് 18ൽ സ്ഥിതിചെയ്യുന്ന ഒരു ട്രാൻസ്പോർട്ട് കമ്പനിയിലേക്ക് ഹെവി ഡ്രൈവർമാരായാണ് ഇവർ എത്തി ചേർന്നത്. എന്നാൽ കമ്പനി ഇവർക്ക് 400 റിയാൽ മാത്രമാണ് അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചത്. ഭക്ഷണമോ, വൃത്തിയുള്ള താമസ സൗകര്യമോ ഒന്നും തന്നെ ഉണ്ടായില്ലെന്ന് ഇവർ പറയുന്നു.

ആദ്യ ഒരുമാസം ജോലിക്ക് ഹജരായതിന്ന് കമ്പനി പറഞ്ഞ 400 റിയാൽ മാത്രം നൽകി. ഒരുമാസത്തിനിടയിൽ തന്നെ ഭക്ഷണത്തിനും വെള്ളത്തിനുമായി 400 റിയാലിൽ കൂടുതൽ ചെലവായതായും, തുടർന്നും ജോലിയിൽ തുടരാൻ സാധിക്കില്ലെന്നും കമ്പനിയെയും നാട്ടിലെ ഏജന്റായ മുഹമ്മദ് ഷാഹുലിനെയും അറിയിച്ചു. ഷാഹുൽ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നെന്ന് ഇവർ പറഞ്ഞു, ജോലിക്ക് ഹജരാകാത്തത്തിനാൽ കമ്പനി 14000 റിയാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുകയും താമസ സ്ഥലത്തുനിന്നും പുറത്താക്കുകയും ചെയ്തു. തുടർന്ന് ഭക്ഷണത്തിനും മറ്റുമായി ഏറെ ബുദ്ധിമുട്ടിയെന്നും നാട്ടിലെ സുഹൃത്തുക്കളുടെ സഹായത്താൽ റിയാദിലെ ചിലർ ഭക്ഷണത്തിനുള്ള സഹായം നൽകിയിയെന്നും ഇവർ പറഞ്ഞു. നിസ്സഹായരായി റിയാദിലെ പല പ്രാദേശിക, രാഷ്ട്രീയ സംഘടനകളെയും സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നു, ഒടുവിൽ നാട്ടിലെ ബന്ധുക്കളുടെ നിർദ്ദേശ പ്രകാരം കേളി സെക്രട്ടറിയുമായി ബന്ധപെട്ടതിന് ശേഷം കേളി ജീവകാരുണ്യ വിഭാഗം വിഷയത്തിൽ ഇടപെടുകയും എംബസിയിലും, ലേബർ കോടതിയിലും പരാതി നൽകുകയും ചെയ്തു.

എംബസി നിർദ്ദേശപ്രകാരം കേളി ജീവകാരുണ്യ കമ്മറ്റി അംഗം പിഎൻഎം റഫീക്കിന്റെ നേതൃത്വത്തിൽ കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളുർക്കര, നാസർ പൊന്നാനി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, എന്നിവർ കമ്പനിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ, വിസക്കും ടിക്കറ്റിനുമായി കമ്പനിക്ക് ചിലവായ 9000 റിയാൽ കമ്പനിക്ക് കിട്ടിയാൽ കേസ് പിൻവലിക്കാമെന്നറിയിച്ചു. വീണ്ടും നാട്ടിൽ നിന്നും കമ്പനിക്ക് നൽകേണ്ട തുക വരുത്തി നൽകി. കമ്പനി കേസ് പിൻ വലിച്ചതിനെ തുടർന്ന് മൂന്ന് പേർ നാട്ടിലേക്ക് മടങ്ങുകയും ഒരാൾ റിയാദിൽ തന്നെ ജോലി മാറുകയും ചെയ്തു. നാട്ടിൽ സ്വകാര്യ ബസ്സുകളിലും മറ്റും ജോലി ചെയ്തിരുന്ന ഈ യുവാക്കൾ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനായാണ് പ്രവാസം തിരഞ്ഞെടുത്തത്, ചിക്കു ഒഴികെ ബാക്കി മൂന്നു പേരും ആദ്യമായാണ് പ്രവാസം സ്വീകരിക്കുന്നത്. സഹായത്തിന് കേളിക്ക് നന്ദി പറയുകയും നാട്ടിലെത്തിയാൽ ഏജന്റ് ഷാഹുലിനെതിരെ നഷ്ട പരിഹാരത്തിന് പരാതി നൽകുമെന്നും ഇവർ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles