റിയാദ്: ജീവകാരുണ്യ സേവന മേഖലകളില്‍ ഐസിഎഫ് ചെയ്യുന്ന സേവനങ്ങള്‍ തുല്യതയില്ലാത്തതാണെന്നും ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസി സമൂഹം പിന്തുണ നല്‍കണമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ആവശ്യപ്പെട്ടു. നാം ചെറുതായി കാണുന്ന പല കാര്യങ്ങളും മറ്റുള്ളവര്‍ക്ക് വലിയ പ്രയോജനങ്ങള്‍ ലഭിക്കുന്നതായിരിക്കും. ചെറിയ സുകൃതങ്ങള്‍ക്ക് വലിയ പ്രതിഫലങ്ങളാണ് ദൈവ സന്നിതിയില്‍ നമുക്ക് ലഭിക്കുകയെന്ന് ഗസ്സാലി ഇമാമിന്റെ ചരിത്രം വിശദീകരിച്ചു സഖാഫി പറഞ്ഞു. ഐസിഎഫ് റിയാദ് റീജിനല്‍ കമ്മിറ്റി ഡി പാലസില്‍ നടത്തിയ എമിനെന്‍സ് ഇഫ്‌താറില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദീനാപള്ളിയില്‍ ഭജനയിരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത അശരണരുടെ കണ്ണീരൊപ്പുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന പ്രവാചക അധ്യാപനങ്ങള്‍ നമ്മള്‍ ഉള്‍കൊള്ളണം. അതിനനുസരിച്ചു നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തണമെന്നും ഹുസൈന്‍ സഖാഫി പറഞ്ഞു. ലഹരിയോടുള്ള പുതു സമൂഹത്തിന്റെ ആസക്തി ഭയപ്പെടുത്തുന്നതാണ്. വിദ്യാഭ്യാസവും സംസ്‌കാരവുമുള്ള സമൂഹമെന്ന് അഭിമാനിക്കുന്ന നമുക്കിടയിലാണ് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നത്. ജാഗ്രതയോടെ വിഷയങ്ങളെ സമീപിക്കുകയും കുടുംബത്തിലും സമൂഹത്തിലും കൃത്യമായ അവബോധം നല്‍കാന്‍ നമുക്ക് കഴിയണം സമൂഹത്തിന് മൂല്യമുള്ള വിദ്യാഭ്യാസം നല്‍കാന്‍ നാം ശ്രദ്ധിക്കണമെന്നും ചുള്ളിക്കോട് സഖാഫി പറഞ്ഞു.