ജിദ്ദ: 2025 ലെ സൗദി ഡാക്കർ റാലിയിൽ ചാമ്പ്യനായ സൗദി മോട്ടോർ സ്പോർട്സ് താരം യസീദ് അൽ റാജ്ഹിക്ക് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരണം നൽകി.
മോട്ടോർ സ്പോർട്ടിൽ ആഗോളതലത്തിൽ പ്രശസ്‌തമായ ചാമ്പ്യൻ ഷിപ്പിൽ ചരിത്ര നേട്ടം കൈവരിക്കുന്ന പ്രഥമ റേസർ എന്ന നിലയിലാണ് യസീദ് അൽ റാജ്ഹിയെ ആദരിച്ചത്. ജിദ്ദ അൽ സലാം കൊട്ടാരത്തിലെ ഓഫീസിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. നിരവധി അന്താരാഷ്ട്ര മത്സരാർഥികളുമായി കടുത്ത മത്സരത്തിന് ശേഷമാണ് യസീദ് അൽ റാജ്ഹിചാമ്പ്യൻഷിപ് കിരീടം നേടിയത്.
യസീദ് അൽ റാജ്ഹിയുടെ ചരിത്ര നേട്ടത്തെ കിരീടാവക്ഷി പ്രശംസിച്ചു. ഈ നേട്ടം സൗദി കായികതാരങ്ങൾക്ക് പ്രചോദനവും പ്രോത്സാഹനവുമാകുമെന്ന് കിരീടാവകാശി പറഞ്ഞു. സ്വീകരത്തിന് യസീദ് അൽ റാജ്ഹി കിരീടാവകാശിക്ക് വന്ദി അറിയിച്ചു. കായിക താരങ്ങൾക്കുള്ള കിരീടാവകാശിയുടെ കരുതലും പിന്തുണയുമാണിത്. രാജ്യത്തിൻറെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിന് കഠിനാധ്വാനം ചെയ്യാനും അന്തർ ദേശീയ തലത്തിൽ രാജ്യത്തിൻറെ യശസ് ഉയർത്തിപിടിക്കുന്നതിനുള്ള പ്രചോതനവുമാണ് ഈ ആദരവെന്നും സ്വീകരണത്തിനുള്ള നന്ദിയിൽ യസീദ് അൽ റാജ്ഹി പറഞ്ഞു. \
ചടങ്ങിൽ കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി, സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ ഖാലിദ് ബിൻ സുൽത്താൻ ബിൻ അബ്ദുല്ല ബിൻ ഫൈസൽ എന്നിവർ പങ്കെടുത്തു.