പത്തനംതിട്ട: റാന്നി മുക്കാലുമണ്ണിൽ വൃദ്ധ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പഴവങ്ങാടി മുക്കാലുമൺ ചക്കുതറയിൽ സക്കറിയ മാത്യു (76) ഭാര്യ അന്നമ്മ സക്കറിയ(70) എന്നവരുടെ മൃതദേഹങ്ങളാണ് വീടിനുള്ളിൽ കണ്ടെത്തിയത്.
സക്കറിയ മാത്യു കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും അന്നമ്മ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് എറണാകുളത്തുള്ള ഏക മകൻ ദീപു അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും അയൽവാസികളും ബന്ധുക്കളും ചേർന്ന് ഉച്ചക്ക് ഒരു മണിയോടെ കതക് തുറന്ന് അകത്തു കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.
പോലീസ് ഇൻക്വസ്‌റ്റ് നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ റാന്നി മെഡിക്കല കോളേജിലേക്ക് മാറ്റി. റാന്നി പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.