28 C
Saudi Arabia
Friday, October 10, 2025
spot_img

ഗാസയിലേക്ക് സഹായമെത്തിച്ച കപ്പൽ ഇസ്രായേൽ കസ്റ്റഡിയിലെടുത്തു

ഗാസ: സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ സഹായവുമായി പോയ മെഡ്‌ലീൻ കപ്പൽ ഇസ്രായേൽ സേന കസ്റ്റഡിയിലെടുത്തു. കപ്പൽ ഇസ്രായേൽ തുറമുഖമായ അഷ്‌ദോദിലേക്ക് വഴിതിരിച്ചു വിട്ടിരിക്കുകയാണ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗിന്റെ നേതൃത്വത്തിൽ 12 സന്നദ്ധ പ്രവർത്തകരാണ് ഫ്രീഡം ഫ്ലോട്ടില മൂവ്മെന്റിന്റെ ഭാഗമായി മെഡ്‌ലീൻ കപ്പലിൽ ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ടത്. ഇസ്രായേൽ ഉപരോധം മറികടക്കുമെന്നും ഗാസയിലേക്ക് മാനുഷിക സഹായ വിതരണഇടനാഴി തുറക്കുമെന്നും തുംബർഗ് പറഞ്ഞിരുന്നു. മൂന്ന് മാസമായി ഇസ്രയേലിന്റെ ശക്തമായ ഉപരോധത്തിലാണ് ഗാസ.

മെഡ്‌ലീൻ കപ്പൽ ഗാസ തീരത്ത് അടുക്കുന്നത് തടയുമെന്നും ഇസ്രായേൽ നേരത്തെ പറഞ്ഞിരുന്നു. കപ്പൽ പിടിച്ചെടുത്ത് വഴിതിരിച്ചുവിട്ട ഇസ്റായേൽ സെലിബ്രിറ്റികളുടെ സെൽഫി കപ്പൽ എന്നാണ് യാത്രയെ പരിഹസിച്ചത്. കപ്പലിലെ യാത്രികരെ ഗാസയിലേക്ക് കടക്കാതെ അവരുടെ രാജ്യത്തിലേക്ക് തിരിച്ചയക്കുമെന്നും ഇസ്രായേൽ പ്രസ്‌താവനയിൽ പറഞ്ഞു. ഫ്രാൻസിൽ നിന്നുള്ള യൂറോപ്യൻ യൂണിയൻ പാർലമെന്റ്അംഗം റിമ ഹസൻ, ചലച്ചിത്ര നടൻ ലീയാൻ കണ്ണിങ്‌ഹാം, ജർമൻ മനുഷ്യാവകാശ പ്രവർത്തക യാസ്മിൻ ആകാർ എന്നിവരും യാത്ര സംഘത്തിലുണ്ട്.

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ഇസ്രയേലിന്റെ ഉപരോധം മറികടന്ന് സഹായം വിതരണം ചെയ്യുന്നതിനൊപ്പം ഇസ്രയേലിന്റെ മനുഷ്യത്വവിരുദ്ധമായ നടപടികൾ ലോകത്തിന് മുന്നിൽ തുറന്നു കാണിക്കുകയും യാത്രയുടെ ലക്ഷ്യമാണ്. ഫ്രീ ഗാസ മൂവ്മെന്റിന്റെ ഗാസ ഫ്രീഡം ഫ്ലോട്ടിലാണ് ഈ യാത്ര സംഘടിപ്പിച്ചത്. മെറിഡിറ്ററേനിയൻ ദ്വീപിൽ ഇറ്റലിയുടെ ഭാഗമായ സിസിലിയയിൽ നിന്ന് ജൂൺ ഒന്നിനാണ് കപ്പൽ യാത്ര പുറപ്പെട്ടത്.

അതേസമയം ഇസ്രായേൽ ഗാസയിൽ നടത്തുന്ന കൂട്ടക്കൊല തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 108 പേരെയാണ് ഇസ്രായേൽ സൈന്യം കൊന്നൊടുക്കിയത്. ഭക്ഷണം തേടിയെത്തിയവർക്ക് നേരെ നടത്തിയ വെടിവെപ്പിൽ മാത്രം 13 പേരാണ് കൊല്ലപ്പെട്ടത്. കടുത്ത ഇന്ധനക്ഷാമം കാരണം ഗാസയിലെ അവശേഷിക്കുന്ന ആശുപത്രികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.

 

Related Articles

- Advertisement -spot_img

Latest Articles