മലപ്പുറം: മലപ്പുറം തിരൂരിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികളാണ്. വിവരമറിഞ്ഞതിനെ തുടർന്ന് പോലീസ് എത്തി കുഞ്ഞനെ ഏറ്റെടുത്തു. സംഭവത്തിൽ കുഞ്ഞിൻറെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ കുട്ടിയെ വാങ്ങിയ ആദി ലക്ഷ്‌മി, ഇടനിലക്കാരായ ശെന്തിൻ കുമാർ, പ്രേമലത എന്നിവരെ അറസ്റ്റ് ചെയ്‌തതായി തിരൂർ പോലീസ് അറിയിച്ചു. കുഞ്ഞിനെ വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് കുഞ്ഞിനെ വാങ്ങിയതെന്ന് ആദി ലക്ഷ്‌മി മൊഴി നൽകി.
തമിഴ്‌നാട് സേലം സ്വദേശികളായ കുഞ്ഞിന്റെ കുടുംബം തിരൂരിലുള്ള വാടക ക്വാർട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് അയൽക്കാർ ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം ലഭിക്കാത്തതിനെ തുടർന്ന് അയൽക്കാർ പോലീസിൽ പരാതി പറയുകയായിരുന്നു.
പോലീസ് വന്നു അന്വേഷിച്ചപ്പോഴും വ്യക്തമായ മറുപടി ഇവരിൽ നിന്നും ലഭിച്ചിരുന്നില്ല. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയ വിവരം ഇവർ പറയുന്നത്. അങ്ങിനെയാണ് കോഴിക്കോട് താമസിക്കുന്ന യുവതിയിലേക്ക് അന്വേഷണം എത്തുന്നത്. സ്വന്തം മകളായി വളർത്താനാണ് ആഗ്രഹിക്കുന്നതെന്ന് യുവതി പറയുന്നത്. കീർത്തനയുടെ ആദ്യ ഭർത്താവിലുണ്ടായ കുട്ടിയാണിത്. പോലീസ് കുഞ്ഞിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.