കോഴിക്കോട്: കോഴിക്കോട് തടമ്പാട്ടുതാഴത്ത് ഓടയിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു. തടമ്പാട്ടുതാഴം സ്വദേശി ഷമീർ (46) ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം. വഴിയരികിൽ നിന്ന ഷമീർ സ്ളാബ് ഇല്ലാത്ത ഓടയിലേക്ക് വഴുതി വീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തടമ്പാട്ടുതാഴം ടൗണിൽ റോഡിനോട് ചേർന്നുള്ള ഓടയിൽ വീണാണ് അപകടം ഉണ്ടായത്.
നിറയെ വെള്ളമുള്ള ഓടയിലേക്ക് വീണ ഷമീർ ഒഴുക്കിൽ പെട്ട് ഓടയുടെ മുടിയുള്ള ഭാഗത്തേക്ക് നീങ്ങിപ്പോവുകയും അതിനുള്ളിൽ പെട്ടു പോവുകയായിരുന്നു. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയാണ് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.