റിയാദ്: കാലാവധി കഴിഞ്ഞ സന്ദർശക വിസയിലുള്ളവർക്ക് രാജ്യം വിടാൻ സൗകര്യമൊരുക്കി സൗദി ഭരണകൂടം. എല്ലാ തരം സന്ദർശക വിസയിലുള്ളവർക്കും ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജവാസാത്ത് (സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സ്) അറിയിച്ചു.
ഹിജ്‌റ വർഷം ഒന്നുമുതൽ (2025, ജൂൺ 26) ഈ ആനുകൂല്യം പ്രാബല്യത്തിൽ വരുന്നതാണ്. കാലാവധി കഴിഞ്ഞ സന്ദർശക വിസയിലുള്ളവർക്ക് 30 ദിവസത്തിനുള്ളിൽ അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. നിർദേശിക്കപ്പെട്ട എല്ലാ പിഴകളും ഓഫീസ് ചാർജുകളും നൽകി വിസക്ക് ഔദ്യോഗിക പരിരക്ഷ നേടാൻ ശ്രമിക്കണമെന്ന് ജവാസാത്ത് അറിയിച്ചു.
കാലാവധി കഴിയാഞ്ഞവർക്ക് നിയമ വിധേന സ്വരാജ്യത്തിലേക്ക് തിരിച്ചുപോകുന്നതിനും രാജ്യത്തെ അനധികൃത താമസം നിയന്ത്രിക്കുന്നതിൻറെയും ഭാഗമാണിത്. വിസയുടെ കാലാവധി വർദ്ധിപ്പിക്കുന്നതിന് അബഷിർ പ്ലാറ്റ്‌ഫോമിലെ തവാസൂൽ സേവനം വഴി മാത്രമേ ഇത് പ്രോസസ് ചെയ്യാൻ പാടുള്ളൂ എന്ന് ജവാസാത്ത് വ്യക്തമാക്കി. കാലാവധിക്ക് ശേഷം പിന്നീട് ഇളവുകളോ സമയപരിതി ദീർഘിപ്പിക്കലോ ഉണ്ടാവില്ലെന്ന് ജവാസാത്ത് മുന്നറിയിപ്പ് നൽകി.
സൗദി സുരക്ഷാ സേന നടത്തിയ ഒരാഴ്‌ച നീണ്ടു നിന്ന വ്യാപകമായ പരിശോധനയിൽ അനധികൃതമായി രാജ്യത്ത് തങ്ങുന്ന 15,000 ആളുകളെ പിടികൂടിയിരുന്നു. മെയ് എട്ടു മുതൽ 14 വരെ നടത്തിയ പരിശോധനയിൽ 14,987 നിയമ ലംഘകരെ വിവിധ മേഖലകളിൽ നിന്നും പിടികൂടിയിരുന്നു. ഇതിൽ 9,212 പേർ താമസ നിയമം ലംഘിച്ചവരും 3,502 പേർ അതിർത്തി നിയമം ലംഘിച്ചവരും 1873 പേർ തൊഴിൽനിയമം ലംഘിച്ചവരുമായിരുന്നു