ന്യൂഡൽഹി: ആർഎസ്എസിനും ബിജെപിക്കും ഭരണഘടനയല്ല, മനുസ്‌മൃതിയാണ് വേണ്ടതെന്ന് രാഹുൽ ഗാന്ധി. ആർഎസ്എസിന്റെ മുഖം മൂടി ഒരിക്കൽ കൂടി അഴിഞ്ഞു വീണു എന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിൽ നിന്നും മതേതരത്വം സോഷ്യലിസം എന്നീ ആശയങ്ങൾ ഇനിയും വേണോ എന്നതിൽ പുനർ ചിന്തനം വേണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
പിന്നാക്കവിഭാഗക്കാരുടെ അവകാശങ്ങൾ തട്ടിയെടുക്കാനാണ് ആർഎസ്എസിന്റെ നീക്കം, ആർഎസ്എസ് ഈ സ്വപ്നം കാണുന്നത് നിർത്തണമെന്നും രാജ്യസ്നേഹമുള്ള എല്ലാവരും അവസാന ശ്വാസം വരെ ഭരണഘടനയെ സംരക്ഷിക്കാൻ പോരാടുമെന്നും രാഹുൽ പറഞ്ഞു.
അടിയന്തിരാവസ്ഥയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ചു ഡൽഹിയിൽ നടന്ന ചടങ്ങിലാണ് ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ വിവാദ പരാമർശമുണ്ടായത്. അംബേദ്‌കർ തയ്യാറാക്കിയ ഭരണഘടനയിൽ മതേതരത്വവും സോഷ്യലിസവും ഉണ്ടായിരുന്നില്ലെന്നും 1976 ൽ അടിയന്തിരാവസ്ഥ കാലത്ത് പാർലമെന്റ് ഉൾപ്പടെ പ്രവർത്തിക്കാതിരുന്ന സമയത്ത് ഭേദഗതിയിലൂടെയാണ് ഈ രണ്ട് വാക്കുകളും ആമുഖത്തിൽ എഴുതി ചേർത്തതെന്നും ഹൊസബാലെ പറഞ്ഞു.
ഇത് നീക്കാൻ ഒരു ശ്രമവും ആരും നടത്തിയില്ലെന്നും ഇങ്ങിനെ തുടരണോ എന്നതിൽ ചർച്ച വേണമെന്നും അംബേദ്‌കർ സെന്ററിൽ നടന്ന ചടങ്ങിൽ ഹൊസബാലെ പറഞ്ഞു. അടിയന്തിരാവസ്ഥ ഏർപ്പെടുത്തിയവർ ഇതുവരെ ജനങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും മുൻ തലമുറയുടെ ചെയ്തികൾക്ക് ഇപ്പോഴത്തെ നേതാക്കൾ മാപ്പ് പറയണമെന്നും ഹൊസബാലെ ആവശ്യപ്പെട്ടു.
ഇതിന് പിന്നലെയാണ് ആർഎസ്എസ് വീണ്ടും ഭരണഘടനാ മാറ്റണമെന്ന് ആവശ്യപ്പെടുകയാണെന്ന ചർച്ചകൾ ഉയർന്നു വന്നത്.