റിയാദ്: കേളി കലാസാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന അസീസിയ ഏരിയ ഏഴാമത് സമ്മേളനത്തിൻ്റെ ഭാഗമായി ‘സർഗ്ഗ സംഗമം 2025’ എന്ന പേരിൽ വിവിധ പരിപാടികൾ കോർത്തിണക്കി യൂണിറ്റുകൾ തമ്മിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. അസീസിയ ഗ്രേറ്റ് ഇന്റർ നാഷണൽ സ്കൂളിൽ ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി സംഘടിപ്പിച്ച ‘സർഗ്ഗ സംഗമം 2025’ ഏരിയയിലെ വിവിധ യൂണിറ്റിലെ മെമ്പർമാരെ ഉൾപ്പെടുത്തി വടം വലി, ഷൂട്ട്‌ഔട്ട്, കാരംസ്, ചെസ്സ് തുടങ്ങിയ വിവിധയിനം പരിപാടികൾ നടന്നു.
കാരംസ് മത്സരത്തിൽ അസീസിയ യൂണിറ്റ് അംഗങ്ങളായ ഷബീറലി ഒന്നാം സ്ഥാനവും പ്രബീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചെസ് മത്സരത്തിൻ്റെ ഫൈനൽ റൗണ്ടിൽ മനാഹ് യൂണിറ്റ് അംഗങ്ങൾ തമ്മിൽ മാറ്റുരച്ചതിൽ സുഭാഷിനെ പരാജയപ്പെടുത്തി ഫായിസ് വിജയിയായി. ഫുട്ബോൾ ഷൂട്ടൗട്ട് മത്സരത്തിൽ അൽഫനാർ യൂണിറ്റ് അംഗം ചാക്കോ ഒന്നാം സ്ഥാനവും അസീസിയ യൂണിറ്റ് അംഗം സുബീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കസേര കളിയിൽ മനാഹ് യൂണിറ്റ് അംഗങ്ങളായ സ്വാലിഹ് ഒന്നാമതും ഫായിസ് രണ്ടാമതായും ഫിനിഷ് ചെയ്തു. ലെമൺ സ്പൂൺ മത്സരത്തിൽ മനാഹ് യൂണിറ്റ് അംഗം സൂരജ് ഒന്നാം സ്ഥാനത്തും, അസീസിയ യൂണിറ്റ് അംഗം നൗഷാദ് രണ്ടാം സ്ഥാനത്തും എത്തി. സുന്ദരിക്ക് പൊട്ടുതൊടൽ മത്സരത്തിൽ മനാഹ് യൂണിറ്റ് അംഗം ഫായിസ്, അസീസിയ യൂണിറ്റ് അംഗം അജിത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വാശിയേറിയ വടം വലി മത്സരത്തിൽ അൽഫാനാർ യൂണിറ്റിനെ പരാജയ പെടുത്തി സിമൻ്റ് യൂണിറ്റ് വിജയികളായി.
അസീസിയ ഏരിയ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടി കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കേളി ജീവകാരുണ്യ കൺവീനർ നസീർ മുള്ളൂർക്കര, സെക്രട്ടറിയേറ്റ് അംഗം കാഹിം ചെളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജാഫർ ഖാൻ, പ്രദീപ് കൊട്ടാരത്തിൽ, അസീസിയ ഏരിയ രക്ഷാധികാരി കൺവീനർ ഹസ്സൻ പുന്നയൂർ,കേളി കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി ആക്ടിങ് കൺവീനർ ഷെബി അബ്‌ദുൾ സലാം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അസീസിയ ഏരിയ സെക്രട്ടറി സ്വാഗതവും സംഘാടക സമിതി ചെയർമാൻ സുഭാഷ് നന്ദിയും പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു.
ഏരിയാ സമ്മേളനത്തിൻ്റെ ലോഗോ ഡിസൈൻ ചെയ്ത മലപ്പുറം അരിപ്ര സ്വദേശിയും അസീസിയ ഏരിയ രക്ഷാധികാരി സമിതി മുൻ അംഗം റഫീഖ് അരിപ്രയുടെ മകനുമായ റസലിനും, സർഗ്ഗ സംഗമം പരിപാടിയുടെ മത്സരങ്ങൾ നിയന്ത്രിച്ച കേളി മലാസ് ഏരിയ രക്ഷാധികാരി സമിതി അംഗം റിയാസ് പള്ളാട്ടിനുമുൾപ്പെടെ വിജയികൾക്ക് പുതുതായി തിരഞ്ഞെടുത്ത സെക്രട്ടറി സുധീർ പോരേടം, പ്രസിഡൻ്റ് അലി പട്ടാമ്പി, ട്രഷറർ ലജീഷ് നരിക്കോട്, മുൻ സെക്രട്ടറി റഫീഖ് ചാലിയം, മുൻ പ്രസിഡൻ്റ് ഷാജി റസാഖ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്‌തു.