തൃശൂർ: അസ്ഥികളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ ഹാജരായി. പുതുക്കാട് പോലീസ് സ്റ്റേഷനിലാണ് സംഭവം. നവജാത കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചു മൂടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് പുതുക്കാട് വെള്ളിക്കുളങ്ങര സ്വദേശികളായ യുവാവിനെയും യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തു വരികയാണ്.
ശനിയാഴ്‌ച പുലർച്ചെയാണ് മദ്യലഹരിയിൽ യുവാവ് പുതുക്കാട് പോലീസ് സ്റ്റേഷനിൽ എത്തിയത്. രണ്ട് കുട്ടികൾ മരിച്ചതായും ബാഗിൽ അസ്ഥികൂടം ഉണ്ടെന്നും യുവാവ് വെളിപ്പെടുത്തി. തനിക്ക് ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും അതിലുണ്ടായ കുഞ്ഞുങ്ങളാണ് മരിച്ചതെന്നും യുവാവ് പോലീസിനോട് പറഞ്ഞു.
വർഷങ്ങളായി ഒരുമിച്ചു താമസിക്കുന്നവരാണ് യുവാവും യുവതിയും. ഇവർ വിവാഹം കഴിച്ചിരുന്നില്ല. മൂന്നു വര്ഷം മുൻപ് ഇവർക്കുണ്ടായ കുഞ്ഞു മരണപെട്ടു. രണ്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും കുഞ്ഞുണ്ടായി. ഈ കുഞ്ഞും മരണപ്പട്ടു. സംഭവത്തിൽ സംശയം തോന്നിയ യുവാവ് പുതുക്കാട് പോലീസ് സ്റ്റേഷനിൽ എത്തുകയിരുന്നു. ആദ്യ സംഭവം വെള്ളിക്കുളങ്ങര സ്റ്റേഷൻ പരിധിയിലും രണ്ടാമത്തെ സംഭവം പുതുക്കാട് സ്റ്റേഷൻ പരിധിയിലുമാണ്.
യുവതി തന്നിൽ നിന്നും അകന്നു പോവുന്നു എന്ന സംശയമാണ് അസ്ഥികളുമായി യുവാവിനെ സ്റ്റേഷനിലെത്താൻ പ്രേരിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും കുട്ടികളുടേത് കൊലപാതക മാണെന്ന് തീർച്ചപ്പെടുത്താൻ ആയിട്ടില്ലെന്നും തൃശൂർ റൂറൽ എസ്‌പി പറഞ്ഞു. മൃതദേഹം കുഴിച്ചിട്ടു എന്ന് പറയുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തുകയാണ്. അസ്ഥികൾ ഉൾപ്പടെ വിശദമായി പരിശോധിക്കുകയാണ്.