കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് യുവതി മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ സംസ്ഥാന വ്യകപമായി പ്രതിഷേധം. ബിന്ദുവിന്റെ മരണത്തിൻറെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോർച്ച പ്രവർത്തകരാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ആരോഗ്യ മന്ത്രിയുടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രതിഷേധക്കാർക്ക് നേരെ ലാത്തിവീശി. പിരിഞ്ഞു പോവാത്തതിനെ തുടർന്ന് ജല പീരങ്കി പ്രയോഗിച്ചു. മന്ത്രിയുടെ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചും അക്രമാസക്തമായി, മഹിളാ കോൺഗ്രസ് പ്രവർത്തകർ ഓഫീസിലേക്ക് തള്ളി കയറാനുള്ള ശ്രമം പോലീസ് തടഞ്ഞതോടെ ബഹളമായി.
കോട്ടയത്തും പത്തനംതിട്ടയിലും തൃശ്ശൂരിലും കൊല്ലത്തും കോഴിക്കോടും മലപ്പുറത്തുമെല്ലാം പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പലയിടങ്ങളിലും ലാത്തിചാർജ്ജും ജല പീരങ്കിയും പ്രയോഗിച്ചു. കോട്ടയം മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ ജല പീരങ്കി പ്രയോഗിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ആരോഗ്യ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂരിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഡിഎംഒ ഓഫീസിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. കൊല്ലത്ത് യുവമോർച്ചയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി ഉപയോധിച്ചു. സൂപ്രണ്ട് ഓഫീസിലേക്ക് തള്ളിക്കയറി പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു നീക്കി.
എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു കെഎസ്‌യു പ്രതിഷേധിച്ചത്. ആരോഗ്യ മന്ത്രിയുടെ കോലവുമായെത്തിയായിരുന്നു പ്രതിഷേധം. പതനംതിട്ടയിൽ ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു. പത്തനംതിട്ടയിലെ വീണാജോർജ് എംഎൽഎയുടെ ഓഫീസിലേക്കായിരുന്നു ബിജെപി മാർച്ച്. ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.