ജിദ്ദ: കുട്ടികൾക്ക് വേനൽ പഠനത്തിൽ നിന്ന് ആശ്വാസമായി സൗദിയിലെ സ്‌കൂളുകൾ മധ്യവേനലവധിക്ക് ഇന്ന് (വെള്ളി) അടച്ചു. നാളെ മുതൽ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കടുത്ത വേനൽ ചൂട് കാരണം ചില സ്‌കൂളുകൾ നേരത്തെ അടക്കുകയും എംബസി സ്‌കൂളുകൾ ഉൾപ്പടെ ചെറിയ ക്‌ളാസുകൾ ഓൺ ലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറുകയും ചെയ്‌തിരുന്നു.
വിദ്യാർഥികൾക്കും അധ്യാപകർക്കും ദീർഘമായ വിശ്രമം നൽകികൊണ്ട് കടുത്ത വേനൽ ചൂടിൽ നിന്ന് ആശ്വാസം നൽകുക എന്നതാണ് അവധിക്കാലം കൊണ്ട് ലക്ഷ്യമിടുന്നത്. സൗദിയിൽ വേനൽ കാലം ആരംഭിച്ചത് തന്നെ കടുത്ത ചൂടോട് കൂടിയായിരുന്നു. താപനില 50 ന് മുകളിലേക്ക് പോയ സമയങ്ങൾ ഉണ്ടായി. മധ്യവേനലവധി കഴിഞ്ഞു സ്‌കൂളുകൾ ആഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബർ ആദ്യ വാരത്തോടെയോ തുറക്കും.
വേനലവധിക്കാലത്ത് വിദ്യാർഥികൾക്ക് വിവിധ വിനോദ പരിപാടികളിലും സമ്മർ ക്യാമ്പുകളിലും പങ്കെടുക്കാൻ അവസരങ്ങളുണ്ട്. വിവിധ കൂട്ടായ്‌മകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ഹൃസ്വകാല കോഴ്‌സുകൾ നടക്കുന്നുണ്ട്. കൂടുതൽ കുട്ടികളും അവധി ആഘോഷിക്കാൻ കുടുംബ സമേതം നാട്ടിലേക്ക് പോകുന്നവരാണ്. സീസൺ സമയങ്ങളിലെ ഉയർന്ന ടിക്കറ്റ് നിരക്കുകൾ കുടുംബങ്ങൾക്ക് എന്നും വലിയ ഭാരമാണ്. വിസ നിയമങ്ങളിലെ കണിശതയും കുടുംബങ്ങളെ നാട്ടിലേക്ക് പോകാൻ നിർബന്ധിതരാക്കിയിട്ടുണ്ട്.