പാലക്കാട്: പത്താം ക്ലാസുകാരായ ആറുപേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചു. റാഗിങ് പോലെ നടന്ന മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ എട്ടാം ക്ലാസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് മണ്ണാർക്കാട് കാരാക്കുർശി സർക്കാർ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. യൂണിഫോം ധരിക്കാത്തതിന്റെ പേര് പറഞ്ഞു പത്താം ക്ലാസുകാർ സംഘം ചേർന്ന് എട്ടാം ക്ലാസുകാരനെ മർദ്ദിക്കുകയായിരുന്നു. ശരീരമാസകലം പരിക്കേറ്റ എട്ടാം ക്ലാസുകാരനെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
പരിക്ക് ഗുരുതരസ്വഭാവമുള്ളതിനാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇത് സംബന്ധിച്ച് പിതാവ് പോലീസിൽ പരാതി നൽകി. പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പരാതി റിപ്പോർട്ട് സഹിതം പോലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറി.