31.1 C
Saudi Arabia
Sunday, July 6, 2025
spot_img

ഗാസയിൽ സ്ഥിരമായ വെടി നിർത്തൽ വേണം; സൗദി വിദേശകാര്യ മന്ത്രി മോസ്കോയിൽ

മോസ്കോ: ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ കൈവരിക്കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന മുൻഗണനയെന്ന് സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ. വെള്ളിയാഴ്ച മോസ്കോയിൽ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഔദ്യോഗിക സന്ദർശനത്തിനാണ് വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ റഷ്യയിലെത്തിയത്. റഷ്യൻ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പത്രസമ്മേളനം.

ഗാസയിൽ ഇസ്രായേൽ നടത്തുന്ന കിരാതമായ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻറെ റഷ്യൻ സന്ദർശനം. വർദ്ധിച്ചുവരുന്ന പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾക്കിടയിൽ റിയാദും മോസ്കോയും തമ്മിലുള്ള നയതന്ത്ര ഇടപെടലിൻറെ പ്രാധാന്യം വർധിപ്പിക്കുന്നത് കൂടിയാണ് ഈ സന്ദർശനം.

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നയതന്ത്ര ശ്രമങ്ങൾ പുനരുജ്ജീവിപ്പി ക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം സൗദി വിദേശ മന്ത്രി ഊന്നിപ്പറയുകയും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായി (ഐഎഇഎ) പൂർണ്ണമായി സഹകരിക്കാൻ ടെഹ്‌റാനോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഒക്ടോബറിൽ മോസ്കോയിൽ നടക്കാനിരിക്കുന്ന ആദ്യത്തെ റഷ്യൻ-അറബ് ഉച്ചകോടിയിൽ സൗദി അറേബ്യ പങ്കെടുക്കുമെന്ന് റഷ്യ പ്രതീക്ഷിക്കുന്നതായി ലാവ്‌റോവ് പ്രഖ്യാപിച്ചു. “റഷ്യ-ജിസിസി തന്ത്രപരമായ സംഭാഷണത്തിനായുള്ള” എട്ടാമത് മന്ത്രിതല യോഗം സെപ്റ്റംബർ 11 ന് സോചിയിൽ നടക്കുമെന്ന് ലാവ്‌റോവ് പറഞ്ഞതായി റഷ്യയുടെ സ്പുട്നിക് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് ചെയ്‌തു.

29-ാമത് സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനത്തെ ലാവ്‌റോവ് സ്വാഗതം ചെയ്‌തു. ഈ വർഷം റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന വർഷമാണെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന ഒരു നാഴികക്കല്ലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles

- Advertisement -spot_img

Latest Articles