28.1 C
Saudi Arabia
Sunday, July 6, 2025
spot_img

നിപ്പ, ഭയമല്ല പരിഹാരം; രോഗത്തെ അറിഞ്ഞു, ജാഗ്രതയോടെ നേരിടാം

കോഴിക്കോട് : കേരളം നിപ്പയോട് പൊരുതാൻ തുടങ്ങിയിട്ട് ആറു വർഷമായി. 2018 മേയ് 17 ന് ആണ് മസ്തിഷ്കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഒരാൾ‍ക്ക് ആദ്യമായി നിപ്പ കണ്ടെത്തിയത്. തുടർന്ന്, 2018, 2019, 2021, 2023, 2024 വർഷങ്ങളിൽ അഞ്ചു തവണ സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ചു. 2024 ജൂലൈ മാസത്തിലാണ് ഒടുവിൽ രോഗബാധ സ്ഥിരീകരിച്ചത്.

ഹെനിപാ വൈറസ് (Henipavirus) ജീനസിൽ പെട്ട, മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധി രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു. മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത് എന്നത് കൊണ്ടാണ് പേരു വന്നത്.

പകരാനുള്ള സാധ്യത
വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. രോഗം ബാധിച്ച മനുഷ്യരിൽ നിന്ന് മറ്റ് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.

രോഗലക്ഷണങ്ങൾ
വൈറസ് ബാധയുണ്ടായാൽ, അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും രോഗലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. പനി, തലവേദന, തലകറക്കം, ബോധക്ഷയം മുതലായവയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം.

തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും സാധ്യത കൂടുതലാണ്. എൻസഫലൈറ്റിസ് മരണത്തിനുവരെ കാരണമായേക്കാം.തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ എന്ന പരിശോധന ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും. എന്നാൽ രോഗനിർണ്ണയം നടത്താൻ സമയമെടുക്കും.

ചികിത്സ
നിപ്പാ വൈറസ്സ് ബാധക്ക് കൃത്യമായ ചികിത്സ ലോകത്തൊരിടത്തും ഇതുവരെ നിലവിൽ വന്നിട്ടില്ല. ലക്ഷണങ്ങൾക്ക് മാത്രമായുള്ള ചികിത്സയാണ് ഇന്ന് നിലവിലുള്ളത്. രോഗപ്രതിരോധശേഷി കൂടുതൽ ഉള്ളവർ രക്ഷപ്പെടുന്നു അല്ലാത്തവർ വൈറസിന്റെ പ്രവർത്തനത്തിൽ അസുഖം മൂർഛിച്ച് മരണപ്പെടുന്നു. റിബാവൈറിൻ എന്ന മോണോക്ലോണൽ ആന്റിബോഡി നിപ്പാവൈറസിനെതിരെ ഫലപ്രദമാണെന്ന് പരീക്ഷണശാലകളിൽ തെളിഞ്ഞിട്ടുണ്ടെങ്കിലും മനുഷ്യരിൽ ഉപയോഗിക്കാനുള്ള അനുമതി അതിനു ലഭിച്ചിട്ടില്ല. രോഗം ബാധിച്ചശേഷമുള്ള പ്രതിരോധപ്രവർത്തനരീതിയിൽ നിപാ ജി. ഗ്ലൈക്കോപ്രോട്ടീനിനെ തകർക്കുന്ന മൊണോക്ലോണൽ ആന്റിബോഡി ചികിത്സ ഉപയോഗത്തിലുണ്ട്. മലേറിയക്കെതിരെ ഉപയോഗിക്കുന്ന ക്ലോറോക്വിൻ വർഗ്ഗത്തിൽ പെടുന്ന മരുന്നുകൾ നിപ്പാ വൈറസിന്റെ വളർച്ചയെ തടയുന്നതായി കണ്ടെത്തിയിട്ടുണ്ട് എങ്കിലും അതിന്റെ ഉപയോഗം മൂലം ചികിത്സാരംഗത്ത് പ്രത്യേകമായ ഫലസിദ്ധി ഉറപ്പു വരുത്തിയിട്ടില്ല.

പ്രതിരോധ പ്രവർത്തനങ്ങൾ
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ എന്നിവയിലൂടെ വൈറസ് പകർച്ച ഉണ്ടാകാണ് സാധ്യതയുള്ളതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക. രോഗം പടന്ന് പിടിക്കുന്ന സാഹചര്യത്തിൽ പന്നിയിറച്ചി പരമാവധി ഒഴിവാക്കുക. രോഗിയുമായി സമ്പർക്കം ഒഴിവാക്കുക . കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.

Related Articles

- Advertisement -spot_img

Latest Articles