കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന സിവി പത്മരാജൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്താൽ കൊല്ലത്തെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 93 വയസ്സുണ്ടായിരുന്നു.
കെ കരുണാകരൻ, എകെ ആൻറണി മന്ത്രിസഭകളിൽ അംഗമായിരുന്നു. കെ കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമ വികസന ഫിഷറീസ് മന്ത്രിയായി പ്രവർത്തിച്ചു. പിന്നീട് മന്ത്രി പദവി രാജിവെച്ചു കെപിസിസി പ്രസിഡൻറ് ആയി.
1982 ൽ ചാത്തന്നൂരിൽ നിന്നും വിജയിച്ചു എംഎൽഎയായി. 87 ൽ പരാജയപ്പെട്ടെങ്കിലും 91 ൽ വീണ്ടും വിജയിച്ചു വൈദ്യുതി കയർ മന്ത്രിയായി. ചികിത്സാർത്ഥം കെ കരുണാകരൻ അമേരിക്കയിലേക്ക് പോയപ്പോൾ ആക്റ്റിംഗ് മുഖ്യമന്ത്രിയായി. 1994 ൽ എകെ ആൻറണി മന്ത്രി സഭയിൽ ധനം, കയർ, ദേവസ്വം മന്ത്രിയായി. പ്ലാനിങ് ബോർഡ് വൈസ് ചെയർമാനുമായിട്ടുണ്ട്. സംസ്ഥാനം കണ്ട മികച്ച സാമാജികരിൽ ഒരാളായിരുന്നു.
പറവൂർ കുന്നത്ത് വേലു വൈദ്യർ – തങ്കമ്മ ദമ്പതികളുടെ മകനായി 1931 ലായിരുന്നു ജനനം. കോട്ടപ്പുറം പ്രൈമറി സ്‌കൂൾ, എസ്എൻവി സ്‌കൂൾ, കോട്ടപ്പുറം ഹൈ സ്‌കൂൾ, ചെങ്ങനാശ്ശേരി സെൻറ് ബെർക്കമാൻസ് കോളേജ്, തിരുവവന്തപുരം എംജി കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. തിരുവനന്തപുരം എറണാകുളം ലോ കോളേജുകളിൽ നിന്നും നിയമ പഠനം പൂർത്തിയാക്കി.
കോട്ടപ്പുറം സ്‌കൂളിൽ മൂന്ന് വര്ഷം അധ്യാപകനായി. ഭാര്യ: വസന്തകുമാരി(അഭിഭാഷക), മക്കൾ: അജി (മുൻ പ്രൊജക്റ്റ് മാനേജർ, ഇൻഫോസിസ്), അനി (വൈസ് പ്രസിഡൻറ് വോഡഫോൺ – ഐഡിയ, മുംബൈ), മരുമകൾ സ്‌മിത