തിരുവനന്തപുരം: ചികിത്സാപിഴവിനെ തുടർന്ന് സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തത്തെടുക്കാനായില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ രണ്ടു തവണ ശ്രമിച്ചിട്ടും പരാജയപ്പെടുകയായിരുന്നു. ഗൈഡ് വയർ പുറത്തെടുത്താൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഗൈഡ് വയറിന് അനക്കമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് പുറത്തെടുക്കാനുള്ള ശ്രമം നടത്തിയത്.
സുമയ്യയെ ഇന്നലെയായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നത്.
ഗൈഡ് വയർ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതമെന്ന് മെഡിക്കൽ ബോർഡ് നേരത്തെ നിർദേശിച്ചിരുന്നു. ധമനികളോട് ഒട്ടിച്ചേർന്ന നിൽക്കുന്നതിനാൽ വയർ മാറ്റാൻ ശ്രമിക്കുന്നത് സങ്കീർണതയാകുമെന്നായിരുന്നു വിലയിരുത്തൽ.
വയർ കുടുങ്ങി കിടക്കുന്നത് കൊണ്ട് മറ്റു ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകില്ലെന്നും മെഡിക്കൽ ടീം വിലയിരുത്തുന്നു. എന്നാൽ ശ്വാസം മുട്ടൽ ഉൾപ്പടെ കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് സുമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടർ പരിശോധനകൾ നടത്തിയത്.
ഗുരുതര ചികിത്സാ പിഴവ് ഉണ്ടായിട്ടും ചികിൽസിച്ച ഡോക്ടർക്കെതിരെ നടപടി എടുക്കാത്തതിൽ കുടുംബം പ്രതിഷേധത്തിലാണ്. ഗൈഡ് വയർ പുറത്തെടുക്കാൻ ആയില്ലെങ്കിൽ സുമയ്യക്ക് സർക്കാർ ജോലി നൽകണമെന്നും കുടുംബം ആവശ്യപെടുന്നു. 2023 മാർച്ച് 22 ന് ജനറൽ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചിൽ വയർ കുടുങ്ങിയത്.