തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ പി.എം. ശ്രീ പദ്ധതിക്കെതിരെ പരസ്യ വിമർശനവുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി പ്രസാദ്. രാജ്യത്തെ എല്ലാ മേഖലകളിലും സംഘപരിവാർ അജണ്ട പടർന്നു കയറുകയാണെന്നും, ഈ അജണ്ടകളോട് യോജിച്ചുപോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലും ഇതേ അവസ്ഥയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎം ശ്രീയിൽ ഒപ്പുവെക്കുന്ന സംസ്ഥാനങ്ങൾ പദ്ധതിയുടെ ‘ഷോ കേസുകളായി’ പ്രവർത്തിക്കണം എന്ന നിർദ്ദേശത്തിന് പിന്നിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുക എന്ന ലക്ഷ്യമാണുള്ളത്. പദ്ധതിയിൽ ഒപ്പുവെച്ചാൽ ഈ നയങ്ങളും പരിപാടികളും അനുസരിക്കേണ്ടി വരും. ഇത് സംസ്ഥാനത്തിന് ദുരിതമുണ്ടാക്കുകയും വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണത്തിന് വഴിയൊരുക്കുകയും ചെയ്യും.
ഗാന്ധിയെ വധിച്ചവർക്കുപോലും പ്രാധാന്യം ലഭിക്കുന്ന ഈ സാഹചര്യത്തിൽ, വരും തലമുറകളെ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം ഒരു വലിയ അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര മോദി ഭരണകൂടം ഇന്ത്യയെ ബാധിച്ച അണുബാധയാണെന്നും പി പ്രസാദ് വിമർശിച്ചു.



