അവിഹിത ബന്ധമാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; പ്രതികൾ അറസ്റ്റിൽ

ബംഗളുരു: കർണാടകയിലെ ബിദാർ ജില്ലയിൽ വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നന്ദേഡ് സ്വദേശിയായ വിഷ്‌ണു (27) എന്ന യുവാവിനെ തല്ലിക്കൊന്നു. വിഷ്‌ണുവുമായി ബന്ധമുണ്ടായിരുന്ന പൂജ എന്ന യുവതിയുടെ പിതാവ് അശോക്, സഹോദരൻ ഗജനൻ എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്.

ഒരു വർഷത്തോളമായി വിവാഹിതയും കുട്ടികളുമുള്ള പൂജയുമായി വിഷ്‌ണു പ്രണയത്തിലായിരുന്നു. പൂജ ഭർത്താവിനെ ഉപേക്ഷിച്ച് വിഷ്‌ണുവിനൊപ്പം താമസിക്കുകയും പിന്നീട് മൂന്നുമാസം മുമ്പ് മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്‌തിരുന്നു. ചൊവ്വാഴ്ച പൂജയെ കാണാൻ സുഹൃത്തുക്കൾക്കൊപ്പം നാഗനപ്പള്ളിയിലെ ഹനുമാൻ ക്ഷേത്രത്തിലെത്തിയ വിഷ്‌ണുവിനെ പൂജയുടെ പിതാവും സഹോദരനും ചേർന്ന് ചോദ്യം ചെയ്‌തു.

തുടർന്ന്, വിഷ്‌ണുവിനെ ക്ഷേത്രത്തിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോവുകയും തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും ചെയ്‌തു. മർദനത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗുരുതര പരിക്കുകളോടെ പോലീസ് കണ്ടെത്തിയ വിഷ്‌ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കൊലപാതക കുറ്റം ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles